സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 10 ജൂലൈ 2023 (19:06 IST)
സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന എഞ്ചിനീയറിംഗ് പ്രവേശന
പരീക്ഷ അടുത്ത വര്‍ഷം മുതല്‍ ഓണ്‍ലൈന്‍ ആയി നടത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. ഓണ്‍ലൈനായി എന്‍ജിനീയറിങ് പ്രവേശന പരീക്ഷ നടത്തുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തികള്‍ ഈ വര്‍ഷം തന്നെ തുടങ്ങിയതായും മന്ത്രി അറിയിച്ചു. സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസ് തിരുവനന്തപുരം തമ്പാനൂരിലെ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ കെട്ടിടത്തിലേക്ക് മാറ്റിയതിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
കൂടുതല്‍ സൗകര്യത്തോടെയും സജ്ജീകരണങ്ങളോടെയും എല്ലാവര്‍ക്കും എളുപ്പം എത്തിച്ചേരാവുന്ന ഇടത്തിലേക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസ് മാറിയതോടെ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ഏഴ് പ്രവേശന പരീക്ഷകളും 14 കോഴ്സുകളിലേക്കുള്ള അലോട്ട്മെന്റ് നടപടികളും കൈകാര്യം ചെയ്യുന്ന പ്രധാന ഓഫീസാണ് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസ്.