ബില്ല് മാറാന്‍ കൈക്കൂലി: എറണാകുളത്ത് കൈക്കൂലി വാങ്ങവേ പൊതുമരാമത്ത് ജൂനിയര്‍ സൂപ്രണ്ട് വിജിലന്‍സ് പിടിയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 23 മെയ് 2024 (08:39 IST)
എറണാകുളം പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ടായ രതീഷ്. എം.എസ് 5,000/ രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ ഇന്നലെ വിജിലന്‍സിന്റെ പിടിയിലായി. എറണാകുളം പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍
ടെണ്ടര്‍ ചെയ്ത ഇടപ്പള്ളി മാര്‍ക്കറ്റ് നവീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ ഏറ്റെടുത്ത പരാതിക്കാരനായ കരാറുകാരന്‍ പണി പൂര്‍ത്തീകരിച്ച ശേഷം അഞ്ചാമത്തെ പാര്‍ട്ട് ബില്ലായ 21,85,455/ രൂപയുടെ ബില്ല് മാറുന്നതിലേക്ക് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മുമ്പാകെ സമര്‍പ്പിച്ചിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും ബില്ല് മാറാത്തതിനെ തുടര്‍ന്ന് ഇന്നലെ ബില്ല് മാറിയോ എന്നറിയുന്നതിലേക്ക് ഓഫീസിലെത്തിയപ്പോള്‍ ജൂനിയര്‍ സൂപ്രണ്ടായ രതീഷ് ''കഴിഞ്ഞ ബില്ല് മാറിയപ്പോള്‍ എന്നെ കണ്ടില്ലല്ലോ'' എന്നും രണ്ട് ബില്ലുകളും ചേര്‍ത്ത് മാറി നല്‍കുന്നതിന് 5,000/ രൂപ കൈക്കൂലി നല്‍കണമെന്ന് ആവശ്യപ്പെടുകയും തുടര്‍ന്ന് പരാതിക്കാരന്‍ ഈവിവരം വിജിലന്‍സ് മധ്യമേഖല പോലീസ് സൂപ്രണ്ട് ശ്രീ. ജി. ഹിമേന്ദ്രനാഥ് ഐ.പി.എസ് നെ അറിയിക്കുകയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം വിജിലന്‍സ് എറണാകുളം യൂണിറ്റ്
ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ. സി.ജെ മാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കെണിയൊരുക്കി, ഇന്നലെ ഉച്ചകഴിഞ്ഞ് 03:00 മണിയോടെ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ വച്ച് പരാതിക്കാരനില്‍ നിന്നും 5,000/രൂപ കൈക്കൂലി വാങ്ങവെ വിജിലന്‍സ് സംഘം ജൂനിയര്‍ സൂപ്രണ്ടായ രതീഷ്. എം.എസ് നെ കൈയോടെ പിടികൂടുകയാണുണ്ടായത്.

അറസ്റ്റ് ചെയ്ത പ്രതിയെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്‌സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറ്കടര്‍ ശ്രീ. ടി.കെ.വിനോദ് കുമാര്‍ ഐ.പി.എസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :