കൊച്ചി|
Last Modified ചൊവ്വ, 12 ഓഗസ്റ്റ് 2014 (15:27 IST)
മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് 86 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ കുമാരമംഗലം പെരുമ്പിള്ളിച്ചിറ ആലുംകാലയില്‍ ഷേക്ക് മുഹമ്മദ് (35), മലപ്പുറം നിലമ്പൂര്‍ ചേനംകുളങ്ങര കാട്ടുമുണ്ട വീട്ടില്‍ ഷാന്‍ ദാസ് (26) എന്നിവരാണു പിടിയിലായത്. എറണാകുളം സൌത്ത് സി ഐ സിബി ടോം, എസ് ഐ ഗോപകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
എറണാകുളം കടവന്ത്രയില്‍ ഡ്രീംസ് എ ടു ഇസഡ് എന്ന സ്ഥാപനം നടത്തിയാണ് തട്ടിപ്പ് നടത്തിയത്. സംസ്ഥാനത്ത് പല സ്ഥലങ്ങളില്‍ നിന്നുമായാണ് ഇത്രയധികം തുക തട്ടിയെടുത്തതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മലേഷ്യയില്‍ സോണി കമ്പനിയിലേക്കായിരുന്നു ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ വാഗ്ദാനം ചെയ്തിരുന്നത്.
കൊല്ലം ജില്ലയിലെ ആറു പേരില്‍ നിന്ന് അഞ്ച് ലക്ഷം വീതവും മലപ്പുറത്തെ ഒമ്പതു പേരില്‍ നിന്ന് 7 ലക്ഷം വീതവും ഇവര്‍ തട്ടിയെടുത്തു. ബാംഗ്ലൂരില്‍ റിക്രൂട്ടിംഗ് സ്ഥാപനം നടത്തുന്ന കണ്ണൂര്‍ സ്വദേശിയായ സോജി തോമസ് എന്നയാള്‍ക്ക് ഇവര്‍ 25 ലക്ഷം കൈമാറിയതായും പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്.
എന്നാല്‍ സോജി തോമസിനെ അടുത്ത സമയത്ത് കര്‍ണ്ണാടക ഹിദ്ര വനത്തില്‍ ഇയാളുടെ സുഹൃത്ത് ബിനോസ് തോമസിനൊപ്പം കഴുത്തറത്തു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിന്‍റെ കേസ് അന്വേഷണത്തിലാണിപ്പോഴും. വിശദമായ അന്വേഷണം തുടരുകയാണ്.