ചക്കിട്ടപ്പാറ: യുഡിഎഫ് സര്‍ക്കാര്‍ തന്നെ സഹായിച്ചിട്ടില്ല- എളമരം കരീം

ചക്കിട്ടപ്പാറ ഖനനക്കേസ് , എളമരം കരീം , ബിജെപി , വി മുളീധരന്‍ , എല്‍ഡിഎഫ്
കോഴിക്കോട്| jibin| Last Modified തിങ്കള്‍, 2 നവം‌ബര്‍ 2015 (12:27 IST)
ചക്കിട്ടപ്പാറ ഖനനക്കേസില്‍ വിജിലന്‍സ് തന്നെ കുറ്റവിമുക്തനാക്കിയതില്‍ യുഡിഎഫില്‍ നിന്ന് ഒരു തരത്തിലുള്ള സഹായവും ലഭിച്ചിട്ടില്ലെന്ന് മുന്‍മന്ത്രി എളമരം കരീം. യുഡിഎഫ് സര്‍ക്കാര്‍ തന്നെ സഹായിച്ചുവെന്ന ബിജെപി. സംസ്ഥാന പ്രസിഡന്റ് വി മുളീധരന്റെ ആരോപണം തെറ്റാണ്. കേസ് തള്ളുന്നതും സ്വീകരിക്കുന്നതും വിജിലന്‍സിന്റെ വിവേചനാധികാരമാണെന്നും അദ്ദേഹം പറഞ്ഞു.


ചക്കിട്ടപ്പാറ കേസില്‍ നിന്ന് വിജിലന്‍സ് തന്നെ കുറ്റവിമുക്തനാക്കിയതില്‍ അസ്വാഭാവികത ഒന്നുമില്ല. മുളീധരന്‍ ഉന്നയിച്ച ആരോപണത്തെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുകയാണ്. അദ്ദേഹത്തിന്റെ സ്ഥാനത്തിന് ചേര്‍ന്ന ആരോപണമല്ല ഇത്. ഈ വിഷയത്തില്‍ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എളമരം കരീം പറഞ്ഞു.

എല്‍ഡിഎഫ് കേരളത്തില്‍ യു.ഡി.എഫുമായി ധാരണ ഉണ്ടാക്കുമെന്ന് ആരും വിശ്വസിക്കുന്നില്ല. അതുപോലെ തന്നെയാണ്
ചക്കിട്ടപ്പാറ ഖനനക്കേസിലുമുള്ളത്. കേസില്‍ തന്നെ ആരും സഹായിച്ചിട്ടില്ല. ആരോപണങ്ങളെ അവജ്ഞയോടെ തള്ളുകയാണെന്നും കരീം പറഞ്ഞു.

ചക്കിട്ടപ്പാറയില്‍ ഖനനത്തിന് അനുമതി നല്കാന്‍ അന്നത്തെ വ്യവസായമന്ത്രി ആയിരുന്ന എളമരം കരീം കോഴ വാങ്ങിയതിന് തെളിവില്ലെന്നാണ് വിജിലന്‍സ് വ്യക്തമാക്കിയത്. വിജിലന്‍സ് എസ് പി ആര്‍ സുകേശന്‍ ആണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എസ് പി സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്‌ടര്‍ വിന്‍സന്‍ എം പോള്‍ അംഗീകരിക്കുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് കേസ് എഴുതിത്തള്ളി. എന്നാല്‍, കേസ് എഴുതിത്തള്ളിയ കാര്യം വിജിലന്‍സ് സര്‍ക്കാരിനെ അറിയിച്ചിട്ടില്ല. കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറയില്‍ അനധികൃത ഇരുമ്പയിര് ഖനനത്തിന് അനുമതി നല്കാന്‍ അഞ്ചു കോടി രൂപ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം.

കരീമിന്റെ ബന്ധുവായ നൗഷാദിന്റെ ഡ്രൈവർ സുബൈര്‍ ആയിരുന്നു ആരോപണം ഉന്നയിച്ചത്​. ഖനന കമ്പനിയുടെ പ്രതിനിധികൾ കൈമാറിയ പണം കോഴിക്കോട്​ ബേപ്പൂരുള്ള കരീമി​ന്റെ വസതിയിൽ എത്തിച്ചത്​ താനാണെന്ന്​ സുബൈർ വെളിപ്പെടുത്തിയിരുന്നു.

എന്നാൽ കേസെടുക്കാൻ ആവശ്യമായ തെളിവുകൾ ലഭിച്ചി​ട്ടില്ലെന്നാണ്​ അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി സുകേശന്റെ പക്ഷം. കൂടാതെ, കേസിൽ കരീമിനെ ചോദ്യം ചെയ്​തിട്ടില്ല. പണം കൈമാറിയ കമ്പനി പ്രതിനിധികളെ കണ്ടെത്താനും അന്വേഷണസംഘത്തിന്​ കഴിഞ്ഞിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ കേസ് എഴുതിത്തള്ളണമെന്ന എസ് പിയുടെ നിര്‍ദ്ദേശം വിജിലന്‍സ് ഡയറക്‌ടര്‍ അംഗീകരിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :