യുഡിഎഫിനെ കാത്തിരിക്കുന്നത് തിളക്കമാര്‍ന്ന വിജയം: ആന്റണി

  എകെ ആന്റണി , ബിജെപി , തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് , യുഡിഎഫ് , ബിജെപി
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 2 നവം‌ബര്‍ 2015 (11:04 IST)
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ അരുവിക്കരയിലേതിനേക്കാള്‍ തിളക്കമാര്‍ന്ന വിജയം ഉണ്ടാകുമെന്ന്
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി. ഈ തെരഞ്ഞെടുപ്പോടെ യുഡിഎഫിന്റെ അടിത്തറ കൂടുതല്‍ ബലപ്പെടുകയും എല്‍ഡിഎഫിന്റെ അടിത്തറ ദുര്‍ബലമാവുകയും ചെയ്യും. ബിജെപിക്ക് മൂന്നാംസ്ഥാനം മാത്രമേ കൈവരിക്കാൻ കഴിയുകയുള്ളൂവെന്നും ആൻറണി പറഞ്ഞു.

അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ പോലെ തന്നെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും യുഡിഎഫ് വിജയം നേടും. തിളക്കമാര്‍ന്ന വിജയമായിരിക്കും യുഡിഎഫിനെ കാത്തിരിക്കുന്നത്. സര്‍ക്കാരിനു അനുകൂലമായ തരംഗമാണ് സംസ്ഥാനത്തുള്ളത്. ഇതു വോട്ടായി മാറും. കേരളത്തില്‍ മറ്റൊരു ബദലിനും സാധ്യതയില്ലെന്നും ആന്റണി പറഞ്ഞു. കേരള സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങളും കരുണയുടെ മുഖവും ജനമനസുകളെ സ്വാധീനിച്ചിട്ടുണ്ട്. ജനങ്ങളുടെ മനസ്സില്‍ യുഡിഎഫ് അല്ലാതെ മറ്റാരുമില്ല. മറ്റ് ബദലുകള്‍ ജനങ്ങള്‍ക്ക് പേടിസ്വപ്‌നമാണ്. ഒറ്റപ്പെട്ട ചില ആക്ഷേപങ്ങള്‍ ഉണ്ടെങ്കിലും സര്‍ക്കാരിനോടുള്ള ജനങ്ങളുടെ താത്പര്യം വര്‍ധിച്ചിട്ടേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

വടക്കേ ഇന്ത്യയിലെ ഭയാനകമായ വാർത്തകൾ ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ഇതിനെതിരായ അമർഷം രേഖപ്പെടുത്താനുള്ള അവസരമായി ജനങ്ങൾ തെരഞ്ഞെടുപ്പിനെ ഉപയോഗിക്കും. കേരളത്തില്‍ മറ്റൊരു ബദലിനും സാധ്യതയില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്തവര്‍ പോലും ഇത്തവണ മാറി വോട്ട് ചെയ്യുമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് ഭാര്യ എലിസബത്തിനൊപ്പം വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് നേതാവ് എംഎം ഹസനുമുണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :