മന്ത്രിക്കൊപ്പം ഫോട്ടോ എടുത്തു, മന്ത്രി ഫോട്ടോ ഷെയര്‍ ചെയ്തു, മീനാക്ഷി ഫേസ്‌ബുക്കില്‍ താരമായി

തിരുവനന്തപുരം| JOYS JOY| Last Modified ശനി, 14 നവം‌ബര്‍ 2015 (14:23 IST)
നാലാം ക്ലാസുകാരി മീനാക്ഷിയുടെ ദീര്‍ഘനാളായുള്ള ആഗ്രഹമായിരുന്നു വിദ്യാഭ്യാസമന്ത്രി പി കെ അബ്‌ദുറബ്ബിനെ കാണുകയെന്നത്. മന്ത്രിയെ കണ്ടപ്പോഴോ, ഒപ്പമൊരു ഫോട്ടോ എടുക്കണമെന്നായി ആവശ്യം. അമ്മയുടെ മൊബൈല്‍ ഫോണില്‍ എടുത്ത ഫോട്ടോ അമ്മ മന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു കൊടുത്തു. ഉടന്‍ തന്നെ, മന്ത്രിയത് തന്റെ ഫേസ്‌ബുക്ക് പേജില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. “എന്നെ ഇന്ന് സെക്രട്ടറിയറ്റിലെ ഓഫീസിൽ സന്ദർശിച്ച ഒരു കൊച്ചു മിടുക്കി” - എന്ന തലക്കെട്ട് നല്കി ആയിരുന്നു മന്ത്രി ചിത്രം ഷെയര്‍ ചെയ്തത്.

അഞ്ചുലക്ഷത്തിന് അടുത്ത് ആളുകളാണ് മന്ത്രിക്കൊപ്പമുള്ള മീനാക്ഷിയുടെ ചിത്രം ഇതുവരെ കണ്ടത്. വ്യാഴാഴ്ച രാത്രിയിലായിരുന്നു മന്ത്രി ഈ ചിത്രം ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്തത്. ശിശുദിനമായ നവംബര്‍ 14 ശനിയാഴ്ചയും ശിശുദിന ആശംസകള്‍ അറിയിക്കാന്‍ മന്ത്രി ഇതേ ചിത്രമാണ് ഉപയോഗിച്ചത്. മീനാക്ഷിക്കൊപ്പമുള്ള ചിത്രത്തിനൊപ്പം “വീണ്ടുമൊരു ശിശുദിനം കൂടി . കുഞ്ഞുങ്ങളെ ജീവനുതുല്യം സ്‌നേഹിച്ച നമ്മുടെ പ്രഥമപ്രധാനമന്ത്രിയുടെ ജന്മദിനം.എല്ലാ കുഞ്ഞുങ്ങൾക്കും എന്റെ സ്നേഹം നിറഞ്ഞ ശിശുദിനാശംസകള്‍” - എന്ന സന്ദേശവും ഉണ്ട്.

മണക്കാട് സര്‍ക്കാര്‍ ഹൈസ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയായ മീനാക്ഷിയുടെ ദീര്‍ഘകാലമായുള്ള ആഗ്രഹമായിരുന്നു വിദ്യാഭ്യാസ മന്ത്രിക്കൊപ്പം ഫോട്ടോ എടുക്കുകയെന്നത്. മണക്കാട് സര്‍ക്കാര്‍ വി എച്ച് എസ് എസ്സിലെ അധ്യാപികയായ അമ്മ രജിത കുമാരിയെയും കൂട്ടി മീനാക്ഷി വ്യാഴാഴ്ച വൈകുന്നേരം മന്ത്രിയുടെ ചേമ്പറിലെത്തുകയായിരുന്നു. മീനാക്ഷിയുടെ ആഗ്രഹം അറിഞ്ഞ മന്ത്രി കുട്ടിയോട് കുശലാന്വേഷണം നടത്തുകയും അടുത്തുനിര്‍ത്തി രജിത കുമാരിയുടെ ഫോട്ടോ എടുക്കുകയും ചെയ്തു. വീട്ടിലെത്തിയ ശേഷം ഫോട്ടോ രജിതകുമാരി മന്ത്രിയുടെ ഓഫിസിലേക്ക് അയച്ചു കൊടുക്കുകയായിരുന്നു.

വിദ്യാഭ്യാസമന്ത്രിയുടെ പേജില്‍ വന്ന ഈ ഫോട്ടോ 1106 പേരാണ് ഇതുവരെ ഷെയര്‍ ചെയ്തിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകള്‍ കണ്ട ചിത്രത്തിന് കാല്‍ലക്ഷത്തിന് അടുത്ത് ആളുകളുടെ ലൈക്കും ഉണ്ട്. 528 കമന്റുകളും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :