കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തിക്കും; കുട്ടികളെ സ്‌കൂളിലേക്ക് അയക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

രേണുക വേണു| Last Modified ശനി, 23 സെപ്‌റ്റംബര്‍ 2023 (15:32 IST)
നിപ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച അവധി അവസാനിച്ചു. തിങ്കളാഴ്ച മുതല്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രം അവധി തുടരും. എല്ലാ വിദ്യാര്‍ഥികളും കൃത്യമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

വിദ്യാര്‍ഥികളും അധ്യാപകരും മറ്റു ജീവനക്കാരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. സാനിറ്റൈസര്‍ ഉപയോഗവും നിര്‍ബന്ധമാക്കിയിട്ടുണ്ട്. വിദ്യാലയങ്ങളുടെ പ്രവേശന കവാടങ്ങളിലും എല്ലാ ക്ലാസ് മുറികളിലും സാനിറ്റൈസര്‍ വയ്‌ക്കേണ്ടതാണ്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവിടെ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് വരെ അധ്യയനം ഓണ്‍ലൈന്‍ ആയി തന്നെ തുടരേണ്ടതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :