വ്യാജ ഡ്രൈവിംഗ് ലൈസൻസ് തട്ടിപ്പ്: പ്രധാന പ്രതികൾ അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 23 ഫെബ്രുവരി 2022 (17:59 IST)
ശാസ്‌താംകോട്ട : ഗ്രൗണ്ട് ടെസ്റ്റിൽ പോലും പങ്കെടുക്കാതെ വ്യാജ ഡ്രൈവിംഗ് ലൈസൻസ് നിർമ്മിച്ച് ഉദ്യോഗസ്ഥരുടെ വ്യാജ ഒപ്പുമിട്ട് തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാന പ്രതികൾ അറസ്റ്റിലായി. കേരള ഡ്രൈവിംഗ് സ്‌കൂൾ ഉടമ മൈനാഗപ്പള്ളി കല്ലുകടവ് ഷാജി ഭവനം ഷാജഹാൻ (34), ഇയാളുടെ സഹായി പോരുവഴി മയ്യത്തുംകര കംപാലാട്ടി അഫ്ന മൻസിലിൽ അഫ്സൽ (23) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം ശൂരനാട് പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയത്. കഴിഞ്ഞ നവംബർ മാസം കുന്നത്തൂർ സബ് ആർ.ടി.ഓ യുടെ ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്നതിനിടെ എട്ട്, എച്ച് എന്നിവ പാസായതായി കാണിച്ചു ഉദ്യോഗസ്ഥരുടെ വ്യാജ ഒപ്പിട്ട രേഖയുമായി റോഡ് ടെസ്റ്റിന് മൈനാഗപ്പള്ളി കട്ടപ്പാ പള്ളി കിഴക്കേതിൽ ഉമറുൽ ഫാറൂഖ് (18) എത്തിയപ്പോൾ പിടിയിലായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

കൂടുതൽ അന്വേഷണത്തിൽ കേരള ഡ്രൈവിംഗ് സ്‌കൂൾ വഴി ഇത്തരത്തിൽ ആറ് പേര് കൂടി ഇതേ രീതിയിൽ വ്യാജ രേഖ ചമച്ചു ലൈസൻസുകൾ നേടിയതായി കണ്ടെത്തി. ഇവ പിന്നീട് തിരികെ വാങ്ങി റദ്ദാക്കി. വിവരം അറിഞ്ഞു പ്രതികൾ ഒളിവിൽ പോവുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഇതുമായി ബദ്ധപ്പെട്ട് കൂടുതൽ പേരുണ്ടെന്നാണ് സൂചന.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :