ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത കാലം ചെയ്തു

തിരുവനന്തപുരം| JOYS JOY| Last Modified തിങ്കള്‍, 28 ഡിസം‌ബര്‍ 2015 (09:13 IST)
മാര്‍ത്തോമ സഭയുടെ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ ഡോ സഖറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത അന്തരിച്ചു. 78 വയസ്സ് ആയിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സംസ്കാരം ചൊവ്വാഴ്ച തിരുവല്ല എസ് സി പള്ളി സെമിത്തേരിയില്‍ നടക്കും‍. ഞായറാഴ്ച രാത്രി ചെങ്ങന്നൂരിലെ ഭദ്രാസന ആസ്ഥാനത്ത് എത്തിച്ച മൃതദേഹം തിട്ടമേല്‍, പാറ്റൂര്‍ പള്ളികളില്‍ പൊതുദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് തിരുവല്ല ഭദ്രാസന ആസ്ഥാനത്തേക്ക് കൊണ്ടുപോയി.

1938ല്‍ നിരണം മട്ടക്കല്‍ വെണ്‍പറമ്പില്‍ വി കെ ഉമ്മന്റെയും മറിയാമ്മയുടെയും മകനായി ജനിച്ചു. അധ്യാപകനായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. 1963ല്‍ സഭാശുശ്രൂഷക്കായി ജീവിതം മാറ്റിവെച്ച തെയോഫിലോസ് 1966ല്‍ വൈദികനും 1980ല്‍ ബിഷപ്പുമായി.

2004ല്‍ സഫ്രഗന്‍ മെത്രാപ്പോലീത്തയായ അദ്ദേഹം പത്തുവര്‍ഷമായി ചെങ്ങന്നൂര്‍ മാവേലിക്കര ഭദ്രാസനാധിപനാണ്.

ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ മെത്രാപ്പോലീത്ത അടൂര്‍, മാവേലിക്കര, കോട്ടയം, റാന്നി, കുന്ദംകുളം, മദ്രാസ്, നോര്‍ത് അമേരിക്ക, യു കെ ഭദ്രാസനങ്ങളുടെ അധിപനായും സേവനം അനുഷ്ഠിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :