തിരുവനന്തപുരം|
Last Modified ചൊവ്വ, 8 ഡിസംബര്‍ 2015 (12:14 IST)
തലസ്ഥാന ജില്ലയിലെ
കോവളം ബീച്ച് സൗന്ദര്യവത്കരണത്തിനും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി എട്ട് ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനും സ്വീവേജ് പ്ലാന്റ്, പാര്‍ക്കിംഗ് ഏരിയ, ടോയ്‌ലെറ്റ് എന്നീ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും ടൂറിസം സെക്രട്ടറി കമലവര്‍ദ്ധന റാവുവിന്റെ അധ്യക്ഷതയില്‍ കോവളം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ കൂടിയ യോഗം തീരുമാനിച്ചു.
നിലവില്‍ ബീച്ചില്‍ സര്‍വീസ് നടത്തുന്ന ബോട്ടുകള്‍ക്ക് ഏകീകൃത ഫീസ് നിരക്കും സുരക്ഷാ സംവിധാനവും ഏര്‍പ്പെടുത്തും. ആവാടുതുറ ബീച്ചിലൂടെ ബസ് സ്റ്റാന്‍ഡിലേക്ക് പുതിയ പാത നിര്‍മ്മിക്കുന്നത് പരിഗണിക്കും. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ബെയ്ക്കാ കുളം നവീകരിക്കും. പാര്‍ക്കിംഗ് ഏരയില്‍ ടേക്ക്-എ-ബ്രേക്ക് മോഡല്‍ ടോയ്‌ലറ്റ്-കം-കഫറ്റീരിയ നിര്‍മ്മിക്കും. വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ പത്തംഗ വികസന സമിതിക്ക് രൂപം നല്‍കാനും യോഗം തീരുമാനിച്ചു.
ടൂറിസം ഡയറക്ടര്‍ ഷേക്ക് പരീത്, ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍, ശുചിത്വ മിഷന്‍ ഡയറക്ടര്‍ വാസുകി, വിവിധ വകുപ്പുദ്യോഗസ്ഥര്‍, കോവളത്തെ രാഷ്ട്രീയ സാമൂഹിക ഹോട്ടല്‍ വ്യവസായ പ്രതിനിധികളും യോഗത്തില്‍ സംബന്ധിച്ചു.