ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ചമഞ്ഞു അധ്യാപികയെ തട്ടിക്കൊണ്ടുപോയ യുവാവ് പിടിയിൽ

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 15 ഫെബ്രുവരി 2022 (13:42 IST)
തിരുവനന്തപുരം: ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ എന്ന വ്യാജേന തലസ്ഥാന നഗരിയിലെ ഒരു പ്രധാന സ്‌കൂളിലെ അധ്യാപികയെ തട്ടിക്കൊണ്ട്പോയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലുവ കിഴക്കുംഭാഗം സ്വദേശിയും ഇപ്പോൾ വെട്ടുകാട് ബാലാനഗർ ഭാഗത്തു താമസിക്കുകയും ചെയ്യുന്ന ജെനീഷ് ജെയിംസി (36) നെയാണ് വഞ്ചിയൂർ പോലീസ് അറസ്റ്റ് ചെയ്തത്.


കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അധ്യാപികയെ തട്ടിക്കൊണ്ടുപോയത്. ഒരു കേസിൽ അന്വേഷണത്തിനായി ചെല്ലേണ്ടതുണ്ടെന്നു പറഞ്ഞു അധ്യാപികയെ ബലമായി കാറിൽ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. തുടർന്ന് ഇവരുടെ സ്വർണ്ണവും പണവും തട്ടിയെടുത്തു. എന്നാൽ രക്ഷപ്പെടാൻ ശ്രമിച്ച അധ്യാപികയെ ഇയാൾ ആക്രമിക്കുകയും ചെയ്തു.

അധ്യാപികയുടെ പരാതിയെ തുടർന്ന് ഇയാളെ ആനയറ ഭാഗത്തു നിന്നാണ് പിടികൂടിയത്. ഇയാൾക്കെതിരെ എറണാകുളം പോലീസ്, അടിമാലി, തൃശൂർ ഈസ്റ്, ആലുവ എന്നീ പോലീസ് സ്റ്റേഷനുകളിൽ മോഷണ കുറ്റത്തിന് കേസുണ്ട്. 2017 ലെ ഒരു കേസിൽ തമ്പാനൂർ പോലീസ് ഇയാളെ ശിക്ഷിച്ചിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :