എ കെ ജെ അയ്യര്‍|
Last Updated:
വെള്ളി, 27 നവംബര്‍ 2020 (18:45 IST)
കണ്ണൂര്‍: യുവതിയുടെ മരണത്തില്‍ ദുരൂഹത എന്ന് ബന്ധുക്കള്‍ ആരോപിച്ചതോടെ അടക്കിയ മൃതദേഹം ഖബറിടത്തില്‍ നിന്ന് പുറത്തെടുത്തു പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ അയച്ചു. കണ്ണൂര്‍ സിറ്റി നീര്‍ച്ചാല്‍ സ്വദേശി അലിയുടെ മകള്‍ താഹിറ എന്ന 37 കാരിയുടെ മൃതദേഹമാണ് പുറത്തെടുത്തത്.
യുവതി മാനസിക അസ്വാസ്ഥ്യത്തില്‍ ചികിത്സയില്‍ ആയിരിക്കെ കര്‍ണ്ണാടക സിദ്ധാപുരത്തെ ഷിഫാ കേന്ദ്രത്തിലാണ് മരിച്ചത്. മരിച്ചതിനെ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് ആംബുലന്‍സില്‍ മൃതദേഹം നാട്ടിലെത്തിച്ചു. തുടര്‍ന്ന് മരണ വിവരം ബന്ധുക്കളെ അറിയിക്കുകയോ പോസ്റ്റ്‌മോര്‍ട്ടം നടത്താതെയോ ആണ് മൃതദേഹം സംസ്‌കരിച്ചത്.
ബുധനാഴ്ച ഉച്ചയോടെയാണ് കണ്ണൂര്‍ സിറ്റി ജുമുഅത്ത് പള്ളി ഖബര്സ്ഥാനിലായിരുന്നു അടക്കിയത്. സംശയം തോന്നിയ ബന്ധുക്കള്‍ പരാതി നല്‍കി. തുടര്‍ന്നാണ് സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച വൈകിട്ട് മൃതദേഹം പുറത്തെടുത്തു പോസ്റ്റുമോര്‍ട്ടത്തിനായി കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
യുവതിയുടെ തലയ്ക്ക് ആഴത്തിലുള്ള മുറിവുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. അസ്വാഭാവിക മരണത്തിനു കണ്ണൂര്‍ സിറ്റി പോലീസ് കേസെടുത്തിട്ടുണ്ട്.