ന്യൂനമർദ്ദം പിടിമുറുക്കുമോ? ഇന്ന് ഈ ജില്ലകളിൽ മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് ന്യൂനമർദ്ദത്തിന്റെയും ചക്രവാതചുഴികളുടെയും സ്വാധീനത്താൽ ഇന്ന് മഴ ലഭിക്കും. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ള യെല്ലോ അലർട്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL. H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
ന്യൂനമർദ്ദവും ചക്രവാതചുഴിയും
തെലുങ്കാനയുടെ കിഴക്കൻ മേഖലക്കും തീരദേശ ആന്ധ്രാപ്രദേശിനും മുകളിൽ രൂപംകൊണ്ട് തീവ്ര ന്യൂനമർദ്ദം ശക്തി കൂടിയ ന്യൂനമർദ്ദമായി തുടരുന്നു.
ലക്ഷദ്വീപിനും സമീപ പ്രദേശങ്ങൾക്കും മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. തെക്കൻ തമിഴ്നാടിന് മുകളിലും ചക്രവാതചുഴിയുടെ സ്വാധീനം. നവംബർ എട്ട് വരെ സംസ്ഥാനത്ത് മഴ ലഭിക്കും. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വടക്കൻ ജില്ലകളിലും മലയോര മേഖലകളിലുമാണ് ഈ ദിവസങ്ങളിൽ മഴ ലഭിക്കുക.
ഇടിമിന്നലും കാറ്റും
ഈ ദിവസങ്ങളിൽ മഴയ്ക്കൊപ്പം ഇടിമിന്നൽ, കാറ്റ് എന്നിവയ്ക്ക് സാധ്യത. അതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
