പ്രതിഷേധത്തെ തുടര്‍ന്ന് കറന്റ് ബുക്‌സ് പുസ്തകപ്രകാശന ചടങ്ങ് ഉപേക്ഷിച്ചു

തൃശൂര്‍| JOYS JOY| Last Modified ശനി, 26 സെപ്‌റ്റംബര്‍ 2015 (12:24 IST)
പ്രതിഷേധത്തെ തുടര്‍ന്ന് മുന്‍ രാഷ്‌ട്രപതി എ പി ജെ അബ്‌ദുള്‍ കലാമിന്റെ ‘കാലാതീതം’ എന്ന പുസ്തകത്തിന്റെ പ്രകാശനചടങ്ങ് പ്രസാധകര്‍ ഉപേക്ഷിച്ചു. ഇന്ന് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കേണ്ടിയിരുന്ന പരിപാടിയാണ് വിവിധ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിച്ചത്.

പരിപാടിയുടെ വേദിയിലാണ് പ്രകാശനചടങ്ങ് ഉപേക്ഷിക്കുന്നതായി കറന്‍റ് ബുക്സ് പ്രഖ്യാപിച്ചത്. കലാമിന്റെ ആത്മീയഗുരു പ്രമുഖ് സ്വാമിയുമൊത്തുള്ള അദ്ദേഹത്തിന്റെ അനുഭവമാണ് പുസ്തകത്തിന്റെ പ്രതിപാദ്യം. കലാമും അരുണ്‍ തിവാരിയും ചേര്‍ന്നാണ് പുസ്കതം രചിച്ചത്. ഇതിന്റെ പരിഭാഷ നിര്‍വഹിച്ച ശ്രീദേവി എസ് കര്‍ത്തായോട് പുസ്തക പ്രകാശന പരിപാടിയില്‍ പങ്കെടുക്കരുതെന്ന് സംഘാടകര്‍ നിര്‍ദ്ദേശിച്ചിരുന്നു.

ആത്മീയ ഗുരു പ്രമുഖ് സ്വാമിജിയുടെ പ്രതിനിധിയായി എത്താനിരുന്ന ബ്രഹ്മവിഹാരി ദാസ് സ്വാമിജി സ്ത്രീകളുമായി വേദി പങ്കിടില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു സംഘാടകര്‍ ശ്രീദേവിയെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയത്. ഇതിനെക്കുറിച്ച് ശ്രീദേവി ഫേസ്‌ബുക്കില്‍ വ്യക്തമാക്കിയതോടെ സോഷ്യല്‍ മീഡിയ സംഭവം ഏറ്റെടുക്കുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായിരുന്നു ഇന്നു നടന്ന പ്രതിഷേധം.

പുസ്തകം സ്വീകരിക്കേണ്ട സ്വാമി ബ്രഹ്മ വിഹാരി ദാസും പരിപാടിയില്‍ പങ്കെടുക്കേണ്ട സ്വാമി ആത്മ ജീവന്‍ ദാസും ചടങ്ങിന് എത്തില്ലെന്ന് അറിയിച്ചെങ്കിലും പ്രതിഷേധകര്‍ മടങ്ങിയില്ല. ഇതിനിടക്കാണ് സ്വാമി ബ്രഹ്മ വിഹാരി ദാസിന് പകരം പുസ്തകം സ്വീകരിക്കാന്‍ സാറാ ജോസഫ് എത്തിയത്. ഇതോടെ ഇവര്‍ക്കെതിരെയും മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നു. പരിപാടിയില്‍ പങ്കെടുക്കാന്‍ അരുണ്‍ തിവാരിയും എത്തിയിരുന്നു. പ്രതിഷേധം ശക്തമായതോടെ ചടങ്ങ് ഉപേക്ഷിക്കുന്നതായി കറന്‍റ് ബുക്സ് പ്രാഖ്യാപിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :