രേണുക വേണു|
Last Modified വ്യാഴം, 16 സെപ്‌റ്റംബര്‍ 2021 (08:01 IST)
കേരളത്തില്‍ കോവിഡ് വ്യാപന ആശങ്ക അകലുന്നു. സെപ്റ്റംബര്‍ എട്ട് മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ ശരാശരി കോവിഡ് ആക്ടീവ് കേസുകള്‍ 1,53,0067 ആണ്. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 42,000 കേസുകള്‍ കുറഞ്ഞു. ഇതിനു മുന്‍പത്തെ ആഴ്ചയില്‍ 25,000 കേസുകളുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. കോവിഡ് വ്യാപനം ഗണ്യമായി കുറയുന്നതിന്റെ സൂചനയാണിത്. ഒക്ടോബര്‍ ആകുമ്പോഴേക്കും പ്രതിദിന രോഗികളുടെ ശതമാനം പത്തിലേക്ക് താഴുമെന്നാണ് കണക്കുകൂട്ടല്‍. ആക്ടീവ് കേസുകളില്‍ 13.7 ശതമാനം രോഗികള്‍ മാത്രമാണ് ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലും ചികിത്സയില്‍ കഴിയുന്നത്. ആക്ടീവ് കേസുകളില്‍ ബഹുഭൂരിപക്ഷം പേര്‍ക്കും നേരിയ ലക്ഷണങ്ങള്‍ മാത്രമേ ഉള്ളൂ. ആകെ രോഗികളില്‍ രണ്ട് ശതമാനത്തിന് മാത്രമേ ഓക്‌സിജന്‍ ബെഡുകള്‍ വേണ്ടിവന്നുള്ളൂ. ഒരു ശതമാനം പേര്‍ മാത്രമേ ഐസിയുവില്‍ ചികിത്സയില്‍ കഴിഞ്ഞിട്ടുള്ളൂ. ഈ കണക്കുകള്‍ കേരളത്തിനു ആശ്വാസം പകരുന്നു. കേരളത്തിലെ കോവിഡ് വ്യാപക കര്‍വ് ഇനിയുള്ള ആഴ്ചകളില്‍ കുറയുമെന്നാണ് വിലയിരുത്തല്‍.