കേരളത്തിൽ 80.17% പേർ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചതായി മുഖ്യമന്ത്രി

അഭിറാം മനോഹർ| Last Modified ബുധന്‍, 15 സെപ്‌റ്റംബര്‍ 2021 (18:32 IST)
കൊവിഡിനെതിരായ വാക്‌സിനേഷനിൽ കേരളം നിർണായകഘട്ടം പിന്നിട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 80.17 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.

32.17 ശതമാനം പേരാണ് രണ്ട് ഡോസുകളും പൂർത്തിയാക്കിയത്. ആകെ മൂന്ന് കോടിയിലധികം ഡോസ് വാക്‌സിൻ ഇതുവരെ സംസ്ഥാനത്ത് നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു. പരമാവധി ജനങ്ങളെ സംരക്ഷിക്കുകയാണ് ഏറ്റവും പ്രധാനം. 80 ശതമാനം വാക്‌സിനേഷൻ പൂർത്തിയാക്കി എന്നത് ആ ലക്ഷ്യത്തിലെ നിർണായക നേട്ടമാണ്.സെപ്തംബറില്‍ തന്നെ ബാക്കിയുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ഒരാഴ്ചയ്ക്കിടെ കോവിഡ് ആക്ടീവ് കേസുകളില്‍ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ ആഴ്ചത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ആഴ്ച രോഗസ്ഥിരീകരണ നിരക്കും സജീവകേസുകളുടെ എണ്ണവും യഥാക്രമം 6, 21 ശതമാനം കുറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :