'സാമൂഹിക അകലം ഉറപ്പാക്കിയാല്‍ മതി'; കടകളില്‍ പ്രവേശിക്കാനുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കില്ല

രേണുക വേണു| Last Modified വെള്ളി, 6 ഓഗസ്റ്റ് 2021 (07:56 IST)

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കടകളില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കില്ല. ഒരു ഡോസ് വാക്‌സിന്‍ എങ്കിലും എടുക്കാത്തവരോ ആര്‍ടിപിസിആര്‍ നെഗറ്റീവ് അല്ലാത്തവരോ കടയില്‍ പ്രവേശിക്കരുതെന്ന മാനദണ്ഡത്തില്‍ നിന്നു സര്‍ക്കാര്‍ പിന്നോട്ട്. ശക്തമായ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുനര്‍വിചിന്തനം. സാമൂഹിക അകലം ഉറപ്പാക്കി മുന്നോട്ടു പോയാല്‍ മതിയെന്നാണ് ജില്ലാ കലക്ടര്‍മാര്‍ എസ്.പിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വാക്‌സിന്‍ എടുത്തിട്ടില്ലെന്നും ആര്‍ടിപിസിആര്‍ രേഖ ഇല്ലെന്നും പറഞ്ഞ് കടകളില്‍ എത്തുന്ന സാധാരണക്കാര്‍ക്കെതിരെ നടപടിയെടുക്കരുതെന്നാണ് സര്‍ക്കാര്‍ നിലപാട്. ഒരു ഡോസ് വാക്‌സിന്‍ എടുത്തവരോ കോവിഡ് സര്‍ട്ടിഫിക്കറ്റ് നെഗറ്റീവ് ആയവരോ കടകളില്‍ എത്തുന്നതാണ് അഭികാമ്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇത് സര്‍ക്കുലറായി പുറത്തിറക്കിയപ്പോള്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടായി. വാക്‌സിന്‍ എടുക്കാത്തവരും ആര്‍ടിപിസിആര്‍ ഇല്ലാത്തവരും കടയില്‍ പ്രവേശിക്കരുതെന്ന് കര്‍ശന നിയന്ത്രണമായാണ് സര്‍ക്കുലറില്‍ പറയുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :