തുമ്പി ഏബ്രഹാം|
Last Modified വെള്ളി, 10 ജനുവരി 2020 (10:40 IST)
കൂടത്തായ് കൊലപാതക പരമ്പരക്കേസിനെ ആധാരമാക്കി നിര്‍മ്മിക്കുന്ന സിനിമകളുടെയും സീരിയലുകളുടെയും നിര്‍മ്മാതാക്കള്‍ക്ക് താമരശേരി മുന്‍സിഫ് കോടതിയുടെ നോട്ടീസ്. മുഖ്യപ്രതിയായ ജോളി തോമസിന്റെ മക്കളായ റെമോ റോയ്, റെനോള്‍ഡ്, ഇവരുടെ പിതൃസഹോദരി റെഞ്ജി വില്‍സണ്‍ എന്നിവര്‍ അഭിഭാഷകന്‍ മുഹമ്മദ് ഫിര്‍ദൗസ് മുഖേന നല്‍കിയ ഹര്‍ജിയിലാണ് നടപടി.
ആശിര്‍വാദ് സിനിമാസ് ഉടമ ആന്റണി പെരുമ്പാവൂര്‍, വാമോസ് പ്രൊഡക്ഷന്‍സ് ഉടമ ഡിനി ഡാനിയല്‍, ഫ്‌ളവേഴ്‌സ് ടിവി തുടങ്ങിയ കക്ഷികള്‍ക്കാണ് നോട്ടീസ് അയച്ചത്. ജനുവരി 13ന് ആന്റണി പെരുമ്പാവൂര്‍ അടക്കമുള്ള നിര്‍മ്മാതാക്കള്‍ കോടതിയില്‍ ഹാജരാകണം.
കൊല്ലപ്പെട്ട റോയ് തോമസിന്റെയും, ഭാര്യയും മുഖ്യപ്രതിയുമായ ജോളി തോമസിന്റെയും മക്കളാണ് 20 വയസ്സുള്ള റമോ റോയിയും 15 വയസ്സുള്ള റെനോള്‍ഡ് റോയിയും. റോയ് തോമസിന്റെ സഹോദരിയാണ് റെഞ്ചി വില്‍സണ്‍. ഇതിനകം തന്നെ റെമോ റോയ്, റെനോള്‍ഡ് റോയ് എന്നിവര്‍ വലിയ മാനസിക സംഘര്‍ഷത്തിലൂടെ കടന്നുപോവുകയാണെന്നും, എരിവും പുളിയും ചേര്‍ത്ത് സിനിമകളും സീരിയലുകളും ഒരുക്കുന്നത് ഇവരെ കൂടുതല്‍ ഒറ്റപ്പെടുത്തുന്നതും മാനസിക ഭാവി തകര്‍ക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.