വാതിലുകള്‍ ഉള്ളില്‍ നിന്നു പൂട്ടിയ നിലയില്‍, ഭര്‍ത്താവിന്റെ മൃതദേഹം തൂങ്ങിയ നിലയില്‍, യുവതിയുടെ മൃതദേഹം കട്ടിലില്‍; അന്വേഷണം ആരംഭിച്ചു

രേണുക വേണു| Last Modified തിങ്കള്‍, 23 ഓഗസ്റ്റ് 2021 (15:17 IST)

തൃശൂരില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. കുന്നംകുളം മരത്തംകോട് ഹൈസ്‌ക്കൂളിന് സമീപം താമസിക്കുന്ന തെക്കേക്കര റോയി (37), ഭാര്യ ജോമോള്‍ (34) എന്നിവരെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

റോയിയുടെ മൃതദേഹം തൂങ്ങി നില്‍ക്കുന്ന നിലയിലും ജോമോളുടേത് കട്ടിലില്‍ കിടക്കുന്ന നിലയിലുമായിരുന്നു.

ബന്ധുക്കള്‍ വിളിച്ചിട്ടും ഇരുവരും ഫോണ്‍ എടുക്കാതെ വന്നതോടെയാണ് സംശയം തോന്നിയത്. ബന്ധുക്കള്‍ അയല്‍വാസികളെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

വാതിലുകള്‍ ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഈ വീട്ടില്‍ തന്നെ റോയിയുടെ സഹോദരനും താമസിക്കുന്നുണ്ട്. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :