അധികാരത്തിലെത്തി നാലാം മാസം യുഡിഎഫ് സർക്കാരിനെതിരെ അഴിമതി ആരോപണം; കോഴ്‌സുകൾ അനുവദിക്കാൻ 600 കോടി !
VD Satheesan
ഭരണത്തിലെത്തി നാലാം മാസം യുഡിഎഫ് സർക്കാരിനെതിരെ ഗുരുതര അഴിമതി ആരോപണം. സംസ്ഥാനത്ത് കോളേജുകളിൽ പുതിയ കോഴ്‌സുകൾ അനുവദിച്ചതിൽ 600 കോടിയുടെ അഴിമതിയെന്ന് നാഷണൽ ലീഗ് ഓർഗനൈസൈസിങ് സെക്രട്ടറി എൻ.കെ അബ്ദുൽ അസീസ് ആരോപിച്ചു. അഴിമതിയുടെ വിഹിതമായി മുഖ്യമന്ത്രിക്കും ഉന്നതവിദ്യാഭ്യാസമന്ത്രിക്കും എത്ര കിട്ടിയെന്ന് അന്വേഷിക്കണം. വിഷയത്തിൽ ഗവർണർക്ക് പരാതി നൽകുമെന്നും അബ്ദുൽ അസീസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്തെ 153 കോളേജുകളിൽ പുതിയ കോഴ്സ് അനുവദിച്ചത് ചട്ടങ്ങളും വ്യവസ്ഥകളും ലംഘിച്ചാണ്. ഇതിനുപിന്നിൽ മുഖ്യമന്ത്രി വി.ഡി സതീശനും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനും പങ്കുണ്ടെന്നാണ് ആരോപണം. എയ്ഡഡ് മാനേജ്മെന്റുകളുടെ സ്വാധീനത്തിന് വഴങ്ങി മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്തെ ഉത്തരവ് യുഡിഎഫ് സർക്കാർ മാറ്റുകയായിരുന്നെന്നും ആരോപണത്തിൽ പറയുന്നു.
പുതിയ തലമുറ കോഴ്സുകൾ അനുവദിക്കാനാണ് എൽഡിഎഫ് സർക്കാർ തീരുമാനിച്ചത്. ഇപ്പോഴത്തെ സാമൂഹ്യാവസ്ഥ പരിഗണിച്ചായിരുന്നു ഇത്. എന്നാൽ പരമ്പരാഗത ആർട്സ് വിഷയങ്ങളിലാണ് യുഡിഎഫ് സർക്കാർ കോഴ്സ് അനുവദിച്ചിരിക്കുന്നത്. യുജിസി വ്യവസ്ഥ, സർവകലാശാല ചട്ടങ്ങളുടെയെല്ലാം ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നതെന്നും ആരോപണത്തിലുണ്ട്. അധ്യാപന നിയമനത്തിൽ കോഴ ലക്ഷ്യമിട്ടാണ് കോഴ്സ് അട്ടിമറിച്ചത്. ഇതേക്കുറിച്ച് സർക്കാർ അന്വേഷണത്തിന് തയ്യാറാകണം. ഗവർണർക്കടക്കം ഇതേപ്പറ്റി പരാതി നൽകുമെന്നും അബ്ദുൾ അസീസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
