മാണിയെ ചൊല്ലി ബിജെപിയില്‍ കലഹം മുറുകുന്നു

തിരുവനന്തപുരം| Last Modified വ്യാഴം, 14 ഓഗസ്റ്റ് 2014 (11:43 IST)
കെഎം മാണിയെച്ചൊല്ലി ബിജെപിയില്‍ കലഹം മുറുകുന്നു. പാര്‍ട്ടിയില്‍ ഭിന്നത തുടരുന്നതിനിടെ ഇന്ന് ബിജെപി സംസ്ഥാന ഭാരവാഹിയോഗം തൃശൂരില്‍ നടക്കും. ഈ വിഷയത്തില്‍ സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ ഒരുഭാഗത്തും വിരുദ്ധവിഭാഗം മറുഭാഗത്തുമായി പ്രസ്താവനായുദ്ധം രൂക്ഷമാകുകയാണ്. അതിനിടെ ചേരുന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. സംസ്ഥാന ഘടകത്തിലെ വിഭാഗീയത വെളിവാക്കുന്ന രീതിയിലുള്ള പ്രസ്താവനകളാണ് കെ എം മാണിയുടെ കേരള കോണ്‍ഗ്രസിനോട് സ്വീകരിക്കേണ്ട നിലപാടുമായി ബന്ധപ്പെട്ട് അടുത്തദിവസങ്ങളില്‍ കേരളം കേട്ടത്.

സംസ്ഥാനത്ത് എന്‍ഡിഎ വിപുലീകരിക്കണമെന്ന് സംസ്ഥാന നേതൃത്വം എടുത്ത നിലപാടിനെ തുരങ്കംവയ്ക്കുന്ന സമീപനമാണ് സംസ്ഥാന പ്രസിഡന്റിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നാണ് ചില നേതാക്കളുടെയെങ്കിലും വിമര്‍ശനം. ഇത് ഇന്നത്തെ യോഗത്തിലും പ്രതിഫലിക്കും. ഇക്കാര്യത്തില്‍
സമവായം ഉണ്ടാകില്ലെങ്കിലും പരസ്യപ്രസ്താവന പാടില്ലെന്ന തീരുമാനം ഭാരവാഹിയോഗത്തില്‍ ഉണ്ടാകാനാണ് സാധ്യത. മുരളീധരന്റെ നേതൃത്വത്തോട് പാര്‍ട്ടിയിലെ ഒരുവിഭാഗത്തിനുള്ള എതിര്‍പ്പാണ് മാണി വിഷയത്തിലും പ്രതിഫലിച്ചത്. അതറ‌ിഞ്ഞുള്ള നീക്കമാണ് മുരളീധരന്റെ ഭാഗത്തുനിന്നുണ്ടാകുന്നതും. പാര്‍ട്ടിയിലെ വിഭാഗീയത ആളിക്കത്താന്‍ മാണി വിഷയം നിമിത്തമായെന്നുമാത്രം.

മാണിയെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത് പാര്‍ട്ടി മുഖപത്രമായ ജന്മഭൂമിയില്‍ ലേഖനം വന്നതോടെയാണ് ഇതേച്ചൊല്ലിയുള്ള കലഹം പാര്‍ട്ടിയില്‍ തുടങ്ങിയത്. ഇതിനിടെ ഇങ്ങനെയൊരു ഇല്ലാത്ത കാര്യത്തിന്റെ പേരില്‍ കലഹമുണ്ടാകേണ്ട കാര്യമില്ലെന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ് വെബ്‌ദുനിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :