കണ്‍സ്യൂമര്‍ ഫെഡ് ആസ്ഥാനത്ത് സംഘര്‍ഷം; സതീശന്‍ പാച്ചേനിയെ തടഞ്ഞുവച്ചു

കൊച്ചി| VISHNU N L| Last Modified ചൊവ്വ, 22 സെപ്‌റ്റംബര്‍ 2015 (13:41 IST)
കണ്‍സ്യൂമര്‍ ഫെഡ് ആസ്ഥാനത്തിലേക്ക് വിവിധ യൂണിയനുകള്‍ പ്രതിഷേധ പ്രകടനം നടത്തി.പ്രകടനം സംഘര്‍ഷത്തിനുബ് കാരണമായി. രാവിലെ ഡയറക്ടര്‍ ബോര്‍ഡ് യോഗം തുടങ്ങുന്നതിന് മുമ്പാണ് സംഭവം. രാവിലെ ചേരാനിരുന്ന ബോര്‍ഡ് യോഗത്തിലേക്ക് എത്തിയ അംഗങ്ങളെ ചില ജീവനക്കാര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. കണ്‍സ്യൂമര്‍ ഫെഡറേഷന്‍ എംപ്ലോയീസ് അസോസിയേഷന്റെ (ഐഎന്‍ടിയുസി), സിഐടിയു, ബിഎംഎസ് സംഘടനകളാണ് പ്രതിഷേധവുമായി ആസ്ഥാനത്തേക്ക് പ്രകടനം നടത്തിയത്.

യോഗത്തില്‍ പങ്കെടുക്കാനെത്തിയ സതീശന്‍ പാച്ചേനി ഉള്‍പ്പടെയുള്ള നേതാക്കളെ സമരക്കാര്‍ തടഞ്ഞു. കണ്‍സ്യൂമര്‍ ഫെഡില്‍ വ്യാപകമായി അഴിമതിയുണ്ടെന്ന മുന്‍ എം.ഡി ടോമിന്‍ തച്ചങ്കരിയുടെ റിപ്പോര്‍ട്ടിനെ പിന്തുണച്ചതിനാണ് തച്ചങ്കരിയേ എതിര്‍ക്കുന്ന ഐഎന്‍ടിയുസി ജീവനക്കാര്‍ തടഞ്ഞത്. ഇവരെ നീക്കാന്‍ പോലീസ് എത്തിയതോടെ ജീവനക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളുമായി.

അതിനിടെ, സി.ഐ.ടി.യുവും പ്രതിഷേധവുമായി എത്തി. ശമ്പള പരിഷ്‌കരണം ഏര്‍പ്പെടുത്തുക, ടോമിന്‍ തച്ചങ്കരിക്കെതിരെ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വിവിധ യൂണിയനുകള്‍ പ്രതിഷേധിക്കുകയാണ്. കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങളെ ഓഫീസിനുള്ളിലേക്ക് കടത്തിവിടാതെയാണ് പ്രതിഷേധം.

ഓഫീസിന് പുറത്ത് സമരം തുടരുകയാണ്. ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം എടുക്കണമെന്ന് യൂണിയനുകള്‍ ആവശ്യപ്പെട്ടു.
നാലായിരത്തോളം തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന കണ്‍സ്യൂമര്‍ഫെഡ് മാനേജ്‌മെന്റിന്റെ വികലമായ നയം തിരുത്തിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് വിവിധ യൂണിയനുകള്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :