സൂര്യനെല്ലി സമരം എട്ടാം ദിവസത്തിലേക്ക്; നെല്ലിയാമ്പതിയിലും സമരം

 ഹാരിസണ്‍സ് , തോട്ടം തൊഴിലാളി സമരം , ലേബര്‍ കമ്മിറ്റി
മൂന്നാര്‍| jibin| Last Modified ചൊവ്വ, 22 സെപ്‌റ്റംബര്‍ 2015 (09:01 IST)
ഹാരിസണ്‍സ് മലയാളം കമ്പനിയുടെ കീഴിലുള്ള സൂര്യനെല്ലി എസ്റേറ്റില്‍ തൊഴിലാളികള്‍ നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക് കടക്കവെ ലേബര്‍ കമ്മീഷണര്‍ ഇന്ന് തൊഴിലാളികളുമായി ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ കമ്പനി പ്രതിനിധികളും പങ്കെടുക്കും. ഇന്നത്തെ ചര്‍ച്ച വിജയകരമായില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ലോക്കാട്, പന്നിയാര്‍ എസ്റേറ്റുകളിലും സമരം തുടരുകയാണ്.

ഇരുപതുശതമാനം ബോണസും 500 രൂപ ദിവസ ശമ്പളവും എന്ന ആവശ്യത്തിലും തൊഴിലാളികള്‍ ഉറച്ച് നില്‍ക്കുകയാണ്. നേരത്തെ ഇതിനിടയില്‍ മാനേജ്മെന്റും സമരക്കാരുമായി രണ്ടുവട്ടം ചര്‍ച്ച കള്‍ നടന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. എന്നാല്‍, കമ്പനി നഷ്ടത്തിലാണെന്നും അതിനാല്‍ ബോണസ് നല്‍കാനാവില്ലെന്നും ശമ്പള വര്‍ധന പ്ളാന്റേഷന്‍ ലേബര്‍ കമ്മിറ്റിയുടെ നിര്‍ദേശാനുസരണം മാത്രമേ നല്‍കാനാകൂ എന്നുമാണ് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നത്.

അതിനിടെ, നെല്ലിയാമ്പതിയിലും തോട്ടം തൊഴിലാളികള്‍ സമരത്തിലേക്ക് നീങ്ങുകയാണ്. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ വെള്ളിയാഴ്ച സത്യാഗ്രഹം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ശമ്പളം, ബോണസ്, മറ്റു ആനൂകൂല്യങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ ശനിയാഴ്ച തീരുമാനമായില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് തീരുമാനം. നെല്ലിയാമ്പതിയില്‍ എവിടി കമ്പനിയുടെ തോട്ടങ്ങളിലാണ് ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ പണിയെടുക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :