രേണുക വേണു|
Last Modified വെള്ളി, 17 മെയ് 2024 (10:16 IST)
K.Sudhakaran: കെ.സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തു തുടരുന്നതില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് അതൃപ്തി. എ ഗ്രൂപ്പിലെ പ്രമുഖരടക്കം സുധാകരനെതിരെ ഹൈക്കമാന്‍ഡിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. സുധാകരനെ അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റണമെന്നാണ് വലിയൊരു വിഭാഗം നേതാക്കളും ആവശ്യപ്പെടുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം നേതൃമാറ്റം വേണമെന്ന് എ ഗ്രൂപ്പ് നേതാക്കള്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കെപിസിസി സെക്രട്ടറിയായിരുന്ന എം.എ.ലത്തീഫിനെ സുധാകരന്‍ അധ്യക്ഷനായിരിക്കെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് സുധാകരന് പകരം ആക്ടിങ് പ്രസിഡന്റ് ആയ എം.എം.ഹസന്‍ ലത്തീഫിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് അധ്യക്ഷ സ്ഥാനത്ത് തിരിച്ചെത്തിയ സുധാകരന്‍ ഹസന്‍ എടുത്ത എല്ലാ നടപടികളും റദ്ദാക്കി. അതിലൊന്നായിരുന്നു ലത്തീഫിനെതിരെ വീണ്ടും സസ്‌പെന്‍ഷന്‍ ഏര്‍പ്പെടുത്തിയത്. ഇതാണ് എ ഗ്രൂപ്പിനെ ചൊടിപ്പിച്ചത്. കേരളത്തിലെ എ ഗ്രൂപ്പിന്റെ പ്രബല നേതാക്കളില്‍ ഒരാളാണ് ഹസന്‍.
സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കോണ്‍ഗ്രസില്‍ വലിയൊരു വിഭാഗം നേതാക്കള്‍ക്ക് സുധാകരന്റെ നേതൃത്വത്തില്‍ അതൃപ്തിയുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് സുധാകരനെ താല്‍ക്കാലികമായി അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റി നിര്‍ത്താമെന്ന തീരുമാനത്തിലേക്ക് എഐസിസിയും എത്തിയത്. എന്നാല്‍ തന്നെ ഒതുക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ടെന്ന് മനസിലാക്കിയ സുധാകരന്‍ കോണ്‍ഗ്രസ് വിട്ട് തനിക്ക് ഇഷ്ടമുള്ളിടത്തേക്ക് പോകുമെന്ന് ഭീഷണി ഉയര്‍ത്തുകയായിരുന്നു. അതിനുശേഷമാണ് സുധാകരന് അധ്യക്ഷ സ്ഥാനം തിരിച്ചുനല്‍കിയത്.