അഭിറാം മനോഹർ|
Last Modified ശനി, 11 ഏപ്രില്‍ 2020 (18:29 IST)
സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ 7 പേർക്കും കാസർകോട് 2 പേർക്കും കോഴിക്കോട് ഒരാൾക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 3 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 7 പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്.അതേസമയം സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൊവിഡ് ഫലം നെഗറ്റീവായി. കാസർകോട് 9,പാലക്കാട്4,തിരുവനന്തപുരം3,ഇടുക്കി2,തൃശൂർ 1 എന്നിങ്ങനെയാണ് കണക്കുകൾ.
ഇന്ന് 10 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് അസുഖം ബാധിച്ചവരുടെ എണ്ണം 373 ആയി ഉയർന്നു.ഇതിൽ 228 പേർ ചികിത്സയിലാണ്. 1,23,490 പേരാണ് സംസ്ഥാനത്തകെ നിരീക്ഷണത്തിലുള്ളത് ഇതിൽ 1,22,676 പേർ വീടുകളിലും 814 പേർ ആശുപത്രികളിലും നീരീക്ഷണത്തിലാണ്. ഇന്ന് 201 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംസ്ഥാനത്ത് ഇതുവരെ 14,163 സാമ്പിളുകൾ പരിശോധനയ്‌ക്ക് അയച്ചു. ഇതിൽ 12,818 എണ്ണത്തിലും രോഗബാധയില്ലെന്ന് കണ്ടെത്തി. കൊവിഡ് രോഗമുക്തരായ ദമ്പതികൾക്ക് കണ്ണൂർ പരിയാരം ആശുപത്രിയിൽ കുഞ്ഞ് ജനിച്ചതും ഇന്നാണ്.കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന് ലോക്ക്ഡൗണിന് മുൻപത്തെ സ്ഥിതിയിലേക്ക് പെട്ടെന്ന് തിരിച്ചുപോകാൻ കഴിയില്ലെന്നും ഘട്ടം ഘട്ടമായി മാത്രമെ ലോക്ക്ഡൗണിൽ നിന്നും പുറത്തുകടക്കാൻ സാധിക്കുകയുള്ളുവെന്നും പ്രധാനമന്ത്രിയെ വീഡിയോ കോൺഫറൻസിലൂടെ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു