Thiruvananthapuram|
രേണുക വേണു|
Last Modified ശനി, 31 ജനുവരി 2026 (06:48 IST)
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയിയുടെ ആത്മഹത്യയില്‍ ദുരൂഹതകള്‍ ഏറെ. ആദായനികുതി വകുപ്പ് റോയിയെ അകാരണമായി വേട്ടയാടിയിരുന്നെന്നാണ് ആരോപണം. റെയ്ഡിനു പിന്നില്‍ ബിജെപിയുടെ സമ്മര്‍ദ്ദമുണ്ടെന്ന സൂചനകളും പുറത്തുവരുന്നു.
ആദായനികുതി വകുപ്പും ഐടി വകുപ്പും റോയിയുടെ പിന്നാലെ സംശയത്തോടെ നടന്നതിന്റെ കാരണം വ്യക്തമല്ല. റോയിയുടെ മരണത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നാണ് ബെംഗളൂരു പൊലീസ് അറിയിച്ചിരിക്കുന്നത്.
കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ മുഴുവന്‍ ബെംഗളൂരുവിലായിരുന്നിട്ടും കര്‍ണാടകയിലെ ഐടി ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി കൊച്ചിയിലെ ഐടി യൂണിറ്റാണ് അന്വേഷണവും പരിശോധനകളും നടത്തിയിരുന്നത്. ഇതിന്റെ കാരണം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടില്ല.
ബിസിനസ് ദുബായിലേക്ക് വ്യാപിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ നവംബറില്‍ റോയിയുടെ നേതൃത്വത്തില്‍ സിനിമ താരങ്ങള്‍ക്കു അടക്കം വലിയൊരു പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. മലയാള സിനിമാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഈ പാര്‍ട്ടിയില്‍ പങ്കാളികളായി. എന്നാല്‍ പാര്‍ട്ടിക്കു പിന്നാലെ പങ്കെടുത്ത പലരെയും ആദായ നികുതി വകുപ്പും കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികളും നിരീക്ഷണത്തിലാക്കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ റോയിയുമായി അടുപ്പമുള്ള ചിലരെ ഏജന്‍സികള്‍ ചോദ്യം ചെയ്തിരുന്നു.