Last Modified ബുധന്‍, 24 ജൂലൈ 2019 (17:32 IST)
കാസര്‍ഗോഡ് മഞ്ചേശ്വരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ തട്ടി കൊണ്ട് പോയതായി പരാതി. മഞ്ചേശ്വരം കാളിയൂര്‍ പത്താവ് സ്വദേശി ഹസന്‍ കുഞ്ഞിയുടെ മകന്‍ ഹാരിസിനെ കാറില്‍ എത്തിയ ഒരു സംഘം തട്ടിക്കൊണ്ടുപോയതായാണ് പരാതി. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് സംഭവം. ഹാരിസിന്റെ ബന്ധു ഉൾപ്പെട്ട സ്വർണ്ണ ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ സിഐ എ വി ദിനേശ് പറഞ്ഞു.
അതേ സമയം ക്വട്ടേഷൻ സംഘത്തിന് കുട്ടിയെ മാറിപ്പോയെന്ന സംശയവും ബന്ധുക്കൾക്കുണ്ട്. വിദ്യാർത്ഥിയുടെ മാതൃസഹോദരനുമായാണ് സ്വർണ്ണക്കടത്ത് സംഘത്തിന് തർക്കമുണ്ടായിരുന്നത്. ഇയാളുടെ കുട്ടിയേയാണ് തട്ടിക്കൊണ്ടുപോകാൻ ഉദ്യേശിച്ചിരുന്നത്. ആളുമാറിയാണ് സഹോദരിയുടെ മകനെ സംഘം പിടികൂടിയതെന്ന് ബന്ധുക്കൾ സംശയം പ്രകടിപ്പിക്കുന്നു.
തട്ടിക്കൊണ്ടുപോയ സംഘം വിദ്യാർഥിയുടെ ഫോണിൽ നിന്ന് ബന്ധുക്കൾക്ക് അയച്ച സന്ദേശമിങ്ങനെ: ഞാൻ ചോദിക്കുന്നത് നിന്റെ ഹഫ്തയല്ല, കട്ട മുതല്, നീ എന്റെ കയ്യിൽ നിന്ന് കട്ട മുതല്. നിന്റെ മോൻ എന്റടുത്തുണ്ട്. നീ പരാതി കൊടുക്കുന്നേങ്കിൽ കൊടുക്കൂ. ഒപ്പം ഒരു കബറ് കൂടി കുഴിച്ച്വെക്ക്. ഇതിന് പിന്നാലെ പൈസ കൊടുത്തില്ലെങ്കിൽ അവർ എന്നെ വിടില്ല എന്ന് പറയുന്ന വിദ്യാർത്ഥിയുടെ സന്ദേശവും ലഭിച്ചു. ഇതിന് പിന്നാലെ ഫോൺ സ്വിച്ച് ഓഫ് ആയി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കാസര്‍ഗോഡ് മഞ്ചേശ്വരം കാളിയൂരിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ഹാരിസിനെ കാറില്‍ എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സഹോദരിയോടൊപ്പം സ്‌കൂളില്‍ പോകുന്ന വഴിയില്‍ വച്ചാണ് കറുത്ത നിറമുള്ള കാറില്‍ എത്തിയ നാലംഗ സംഘം ഹാരിസിനെ തട്ടിക്കൊണ്ട് പോയതെന്ന് സഹോദരി പറയുന്നു.വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ മാത്രം അകലെവച്ചാണ് കുട്ടിയെ സംഘം തട്ടിക്കൊണ്ടുപോയത്. കുട്ടിയെ തട്ടിക്കൊണ്ടു പോയതിനു പിന്നില്‍ മറ്റ് പല ലക്ഷ്യങ്ങളും ഉണ്ടോ എന്ന് സംശയിക്കുന്നതായി ഹാരിസിന്റെ ഇളയച്ഛന്‍ ഹമീദ് പറഞ്ഞു.
മഞ്ചേശ്വരം സിഐ എവി ദിനേശിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഹാരിസിനെ കാണാതായി 3 ദിവസമായിട്ടും പ്രതികളെ പിടികൂടാനാകാത്തതില്‍ കുടുംബാംഗങ്ങള്‍ ആശങ്കയിലാണ്. സംഭവത്തിനു പിന്നില്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന.