സുരേന്ദ്രൻ കോടതിച്ചെലവ് നൽകേണ്ട; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് അവസാനിപ്പിച്ചു

കേസ് നടത്തിപ്പിന്റെ ചെലവ് സുരേന്ദ്രന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി എതിര്‍കക്ഷി പിന്‍വലിച്ചതോടെയാണ് നടപടികള്‍ പൂര്‍ണമായി അവസാനിപ്പിക്കാന്‍ കോടതി തീരുമാനിച്ചത്.

Last Modified ചൊവ്വ, 16 ജൂലൈ 2019 (14:39 IST)
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. ഹര്‍ജിക്കാരനും ബിജെപി സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രന്‍ നല്‍കിയ അപേക്ഷയിലാണ് നടപടി. കേസ് പിൻവലിക്കുന്നെങ്കിൽ കോടതിച്ചെലവ് ചുമത്തണമെന്ന ആവശ്യം എതിർകക്ഷി പിൻവലിച്ച പശ്ചാത്തലത്തിലാണ് ഹൈക്കോടതി കേസിൽ നടപടികൾ അവസാനിപ്പിച്ചത്.


തെരഞ്ഞെടുപ്പ് ക്രമക്കേട് തെളിയിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും തന്റെ ആരോപണം സാക്ഷി വിസ്താരത്തിലൂടെ തെളിയിക്കാന്‍ ബുദ്ധിമുട്ടാണെന്നു ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രന്‍ ഹര്‍ജി പിന്‍വലിച്ചത്. ഹര്‍ജി പിന്‍വലിക്കാനുള്ള സുരേന്ദ്രന്റെ അപേക്ഷ കോടതി നേരത്തെ അനുവദിച്ചിരുന്നു.

കേസ് നടത്തിപ്പിന്റെ ചെലവ് സുരേന്ദ്രന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി എതിര്‍കക്ഷി പിന്‍വലിച്ചതോടെയാണ് നടപടികള്‍ പൂര്‍ണമായി അവസാനിപ്പിക്കാന്‍ കോടതി തീരുമാനിച്ചത്. അതേസമയം, കേസിന്റെ ഭാഗമായി കൊണ്ടുവന്ന വോട്ടിംഗ് യന്ത്രങ്ങള്‍ കാക്കനാട്ട് നിന്ന് മഞ്ചേശ്വരത്തെക്ക് തിരികെകൊണ്ടു പോകുന്നതിന്റെ ചെലവായ 42,000 രൂപ സുരേന്ദ്രന്‍ നല്‍കണം.

2016 ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ പി ബി അബ്ദുള്‍ റസാഖിനോട് 89 വോട്ടുകള്‍ക്ക് പരാജയപ്പെട്ട സുരേന്ദ്രന്‍ അബ്ദുള്‍ റസാഖിന്റെ വിജയം കള്ളവോട്ടിലൂടെയെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ കേസിലെ എല്ലാ സാക്ഷികള്‍ക്കും സമന്‍സു പോലുമെത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മുഴുവന്‍ സാക്ഷികളെയും വിസ്തരിക്കുക പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി, കേസില്‍ നിന്നും സുരേന്ദ്രന്‍ പിന്മാറാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :