തിരുവനന്തപുരം|
VISHNU N L|
Last Modified ബുധന്‍, 3 ജൂണ്‍ 2015 (16:58 IST)
ഡൽഹിക്ക് പോകാനായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ പൊലീസുകാര്‍ വഴിതെറ്റിച്ചു. ഇന്റർനാഷണൽ ടെർമിനലിൽ നിന്ന് പുറപ്പെടേണ്ട വിമാനത്തിൽ പോകേണ്ട ആഭ്യന്തരമന്ത്രിയെ ഒപ്പമുണ്ടായിരുന്ന പൊലീസ് എത്തിച്ചത് ഡൊമസ്റ്റിക് ടെർമിനലിൽ. ഇതേതുടര്‍ന്ന് മന്ത്രിക്ക് പോകേണ്ടിയിരുന്ന വിമാനം കിട്ടിയില്ല. തുടർന്ന് മറ്റൊരു വിമാനത്തിലാണ് അദ്ദേഹം ഡൽഹിക്ക് പുറപ്പെട്ടത്.
സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇക്കാര്യം സിറ്റി പൊലീസ് കമ്മിഷണർ സ്ഥിരീകരിച്ചു. എവിടെയാണ് വീഴ്ചപറ്റിയതെന്നും ഉത്തരവാദികൾ ആരാണ് എന്ന് കണ്ടുപിടിക്കുന്നതിന് വേണ്ടിയാണ് അന്വേഷണം. മന്ത്രിയുടെ യാത്രയുമായി ബന്ധപ്പെട്ട് കമ്മിഷണർ ഓഫീസിൽ നിന്ന് നിൽകിയ വിവരങ്ങൾ കൃത്യമായിരുന്നു. അതുപ്രകാരം ഇന്റർനാഷണൽ ടെർമിനലിലേക്ക് തന്നെയാണ് പോകേണ്ടിയിരുന്നത്. എന്നാൽ, വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് വീഴ്ചയുണ്ടായത്.
ആരോ പറഞ്ഞതു പ്രകാരമാണ് മന്ത്രിയുടെ വാഹനം ആഭ്യന്തര ടെർമിനലിലേക്ക് പോയത്. അത് മന്ത്രിയുടെ പൈലറ്റ് വാഹനത്തിലുണ്ടായിരുന്നവരാണോ, മന്ത്രിയുടെ ഗൺമാൻമാരിൽ ആരെങ്കിലുമാണോ എന്നത് കണ്ടുപിടിക്കാനാണ് അന്വേഷണം. വീഴ്ച കണ്ടെത്തിയാൽ പൊലീസുകാർക്കെതിരെ നടപടിയുണ്ടായേക്കാം. യാത്രയിൽ ആഭ്യന്തരമന്ത്രിയുടെ ഭാര്യയും ഒപ്പമുണ്ടായിരുന്നതായി വിവരമുണ്ട്.
ഇന്നലെ രാവിലെയായിരുന്നു സംഭവം. രാവിലെ ആറുമണിക്ക് ഇന്റർനാഷണൽ ടെർമിനലിൽ നിന്ന് പുറപ്പെടുന്ന എയർ ഇന്ത്യ വിമാനത്തിലാണ് ആഭ്യന്തരമന്ത്രിക്ക് പോകേണ്ടിയിരുന്നത്.