കോടികള്‍ തട്ടി മുങ്ങിയ പ്രതി പിടിയില്‍

ആലുവ| VISHNU N L| Last Modified തിങ്കള്‍, 26 ഒക്‌ടോബര്‍ 2015 (18:21 IST)
കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തി ദുബായിലേക്ക് മുങ്ങാന്‍ ശ്രമിച്ച ആലുവാ സ്വദേശിയെ എയര്‍പോര്‍ട്ടില്‍ വച്ച് ആലുവാ പൊലീസ് പിടികൂടി. ആലുവ കീഴ്മാട് തോട്ടുമുഖം പുല്ലാട്ടു ഞാലില്‍ ഹസ്സന്‍ ഇബ്രാഹിം എന്ന അനില്‍ (42) ആണ് പൊലീസിന്‍റെ വലയിലായത്.

അനിലിന്‍റെ സഹോദരന്‍ സുനിലുമായി ചേര്‍ന്നാണ് കാസര്‍കോട് കേന്ദ്രമാക്കി സീ വീ ഗ്ലോബല്‍ ട്രേഡ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്‍റെ മറവില്‍ 2013 ല്‍ നാലു കോടി രൂപയുടെ തട്ടിപ്പ് നടത്തിയത്. കീഴ്മാട് പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വിവിധ തരം ബിസിനസിന്‍റെ പേരില്‍ കോടികള്‍ ഇവര്‍ പിരിച്ചെടുത്തിരുന്നു.

പണം ലഭിക്കാതായപ്പോള്‍ ആലുവാ പൊലീസില്‍ പരാതി എത്തിയതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ തട്ടിപ്പ് നടത്തിയ വിവരം അറിഞ്ഞത്. ഏപ്രില്‍ മാസത്തില്‍ ഇരുവരെയും പിടികിട്ടാ പുള്ളികളായി പ്രഖ്യാപിച്ചിരുന്നു. ഏപ്രിലില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ദുബായില്‍ എത്തിയപ്പോള്‍ മന്ത്രിക്കൊപ്പം നിന്ന് അനില്‍ ഫോട്ടോയെടുത്ത് ഫെയ്സ് ബുക്കില്‍ ഇട്ടിരുന്നത് വിവാദമായിരുന്നു.

കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ചാണ് ആലുവാ പൊലീസ് എസ്.ഐ പി.എ.ഫൈസലിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഹസ്സന്‍ എന്ന അനിലിനെ അറസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ കൂടി പിടിക്കാനുണ്ടെന്ന് പൊലീസ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :