നിസാമിനായി ഒരു സംഘമാളുകള്‍ പണമൊഴുക്കുന്നു: പബ്ലിക്ക് പ്രോസ്യുക്യൂട്ടര്‍

 മുഹമ്മദ് നിസാം , പബ്ലിക്ക് പ്രോസ്യുക്യൂട്ടര്‍ , ചന്ദ്രബോസ് വധക്കേസ് , അനൂപ്
ത്രിശൂര്‍| jibin| Last Modified ചൊവ്വ, 27 ഒക്‌ടോബര്‍ 2015 (08:26 IST)
ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ മുഹമ്മദ് നിസാം ആഢംബര കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടങ്ങിയ ആദ്യ ദിവസം ഒന്നാംസാക്ഷി മൊഴി മാറ്റിയ സാഹചര്യത്തില്‍ കൂടുതല്‍ സാക്ഷികള്‍ കൂറുമാറാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും പബ്ലിക്ക് പ്രോസ്യുക്യൂട്ടര്‍ സിപി ഉദയഭാനു.

സാക്ഷികളെ സ്വാധീനിക്കുവാന്‍ ഒരു സംഘം പണവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. ഒന്ന് മുതല്‍ ഏഴുവരെയുള്ള സാക്ഷികള്‍ കൂറുമാറാന്‍ സാധ്യതയുണ്ടന്ന് റിപ്പോര്‍ട്ടു ലഭിച്ചിരുന്നു. എന്നാല്‍ ചന്ദ്രബോസ് കൊല്ലപ്പെട്ട ശേഷം അനൂപിന്റെ സാമ്പത്തിക നില മെച്ചപെട്ടതിന് പിന്നില്‍ ദുരൂഹതയുണ്ടന്നും ഒന്നാം സാക്ഷി കൂറുമാറിയത് കേസിനെ ബാധിക്കില്ലന്നും പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഭിപ്രായപെട്ടു. അതേസമയം, സാക്ഷികള്‍ കൂറുമാറാന്‍ സാധ്യതയുണ്ടെന്ന കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നുവെന്ന് ചന്ദ്രബോസിന്റെ ബന്ധുക്കള്‍ പറഞ്ഞു. സാക്ഷി വിസ്താരം ഇന്നും തുടരും.

സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ അനൂപാണ് ആദ്യ ദിവസം തന്നെ കോടതിയില്‍ മൊഴി മാറ്റിപ്പറഞ്ഞത്. ചന്ദ്രബോസിനെ മുഹമദ് നിസാം ആക്രമിക്കുന്നത് കണ്ടിട്ടില്ലെന്നും. പൊലീസിന്റെ സമ്മർദ്ദത്തെ തുടർന്നാണ് മുന്പ് മജിസ്ട്രേററ്റിന് അത്തരത്തിൽ മൊഴി നൽകിയതെന്നും. സംഭവം നടന്ന ജനുവരി 29ന് നിസാമും ചന്ദ്രബോസും തമ്മിൽ വാക്കുതർക്കം ഉണ്ടായതായി അറിയില്ലെന്നുമാണ് അനൂപ് പറഞ്ഞു.

വിവാദ വ്യവസായിയും നിരവധി കേസുകളിലെ പ്രതിയുമായ മുഹമ്മദ് നിസാം കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
മുഹമ്മദ് നിസാമിന്റെ ഭാര്യ അമലിന്റേതുൾപ്പെടെ 111 സാക്ഷി മൊഴികൾ കേസിൽ നിർണായകമാവും. അനൂപിന് പുറമെ ചന്ദ്രബോസിനോടൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന അജീഷ്, ഡ്രൈവര്‍ അസൈനാര്‍ എന്നിവരടക്കം ആറുപേരുടെ മൊഴിയാണ് സെക്ഷന്‍ 164 പ്രകാരം മജിസ്‌ട്രേറ്റിന് മുന്നില്‍ രേഖപെടുത്തിയിരുന്നത്.

നവംബർ പതിനേഴിനകം സാക്ഷി വിസ്താരം പൂർത്തായാക്കാനാണ് തീരുമാനം. നവംബര്‍ 30നകം കേസിലെ വിധി പറയും. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന നിസാമിനെ വിയ്യൂരിലെത്തിച്ചിട്ടുണ്ട്.

കഴിഞ്ഞ ജനുവരി 29നാണ് ശോഭാസിറ്റി സെക്യൂരിറ്റിയായ ചന്ദ്രബോസിനെ ഗേറ്റ് തുറക്കാന്‍ വൈകിയതിന് നിസാം കാറിടിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ചന്ദ്രബോസ് ഫെബ്രുവരി 16ന് മരിക്കുകയായിരുന്നു. കേസിൽ ഏപ്രിൽ ആദ്യവാരം പ്രോസിക്യൂഷൻ കുറ്റപത്രം സമർപ്പിച്ചു. ചന്ദ്രബോസിന്റെ മരണമൊഴി രേഖപ്പെടുത്തുന്നതിൽ പൊലീസിന് വീഴ്ച്ച പറ്റിയത് കേസിന്റെ ആദ്യഘട്ടത്തിൽ പ്രതികൂലമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :