ഭൂമി തട്ടിപ്പ്: ടി ഒ സൂരജിന്റെ മൊഴി സിബിഐ രേഖപ്പെടുത്തി

കൊച്ചി| Last Modified ഞായര്‍, 30 നവം‌ബര്‍ 2014 (17:39 IST)
കളമശേരി ഭൂമി തട്ടിപ്പുകേസില്‍ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിന്റെ മൊഴി രേഖപ്പെടുത്തി. ലാന്‍ഡ് റവന്യു കമ്മിഷണറായിരിക്കെ സൂരജ് പക്ഷപാതപരമായി പ്രവര്‍ത്തിച്ചതായി പരാതിക്കാര്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സിബിഐ നടപടി.

വെളളിയാഴ്ച കൊച്ചിയിലെ ഓഫിസില്‍ വിളിച്ചുവരുത്തിയാണ് സൂരജിന്റെ മൊഴി രേഖപ്പെടുത്തിയത്. കേസില്‍ ഇതാദ്യമായാണ് സൂരജിന്റെ മൊഴി സിബിഐ രേഖപ്പെടുത്തുന്നത്. സൂരജില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചനയില്ല.

ലാന്റ് റവന്യൂ കമ്മിഷണറായിരുന്ന ടി.ഒ. സൂരജ് അടക്കമുളളവര്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിലാണെന്ന് ലാന്റ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന കമലവര്‍ധന റാവു ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേസില്‍ സൂരജിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലിംരാജുമായി ബന്ധപ്പെട്ട് ഭൂമിതട്ടിപ്പിന് സൂരജ് ഒത്താശ ചെയ്തതെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന ടി ഒ സൂരജിനെ ക്രമക്കേടുകളുടെ പേരില്‍ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :