കോഴിക്കോട്|
Last Modified ശനി, 22 നവംബര്‍ 2014 (12:23 IST)
അനധികൃത സ്വത്ത് കേസില്‍ സസ്‌പെന്‍ഷനിലായ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിന്റെ അഴിമതികളെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് ബിജെപി നേതാവ് പി എസ് ശ്രീധരന്‍പിള്ള. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ പൊതുമരാമത്ത് വകുപ്പില്‍ 1000 കോടിയുടെ അഴിമതി നടന്നിട്ടുണ്ട്. 2008ല്‍ കോഴിക്കോട് കലക്ടറായിരിക്കേ സൂരജ് നടത്തിയ അഴിമതികളില്‍ നടപടിയുണ്ടായെങ്കിലും ആരാണ് സംരക്ഷിച്ചതെന്ന് വ്യക്തമാക്കണമെന്നും ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു.
കളമശേരി ഭൂമി തട്ടിപ്പ് കേസില്‍ സൂരജിന്റെ പങ്ക് അന്വേഷിക്കണം. സലിംരാജിന് ഭൂമി പതിച്ചുകൊടുക്കുന്നതില്‍ അന്നത്തെ ലാന്‍ഡ് റവന്യു കമ്മിഷണറായിരുന്ന സൂരജിന്റെ പങ്ക് വ്യക്തമാണ്. തമിഴ്‌നാട്, കര്‍ണാടക ഉള്‍പ്പെടെ തൊട്ടടുത്ത സംസ്ഥാനങ്ങളില്‍ പൗരന്മാര്‍ക്ക് പൊതുമരാമത്ത് റോഡുകളില്‍ തടസമില്ലാതെ സഞ്ചരിക്കാന്‍ കഴിയുമ്പോള്‍ ഇവിടെ പൗരന്മാരുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് വിഘാതമുണ്ടാക്കി മൗലികാവകാശം തന്നെ ലംഘിക്കപ്പെടുന്ന അവസ്ഥയാണ്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്ന് കണ്ടെത്തണം.
പൊതുമരാമത്തുമായി സ്വത്തുക്കള്‍ അന്യാധീനപ്പെട്ടതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. സിപിഎം ഇപ്പോള്‍ സൂരജിനെ തള്ളിപ്പറയുകയാണ്. ഈ വീഴ്ത്തപ്പെട്ടവന്‍ സിപിഎം ഭരണകാലത്ത് എങ്ങനെ വാഴ്ത്തപ്പെട്ടവനായി എന്ന് സിപിഎം ആത്മപരിശോധന നടത്തണമെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.