രേണുക വേണു|
Last Updated:
ചൊവ്വ, 10 ഓഗസ്റ്റ് 2021 (14:32 IST)
ഇ-ബുള്‍ജെറ്റ് വ്‌ളോഗര്‍മാര്‍ക്കെതിരെ കൂടുതല്‍ നടപടിക്ക് സാധ്യത. വാന്‍ലൈഫിന്റെ ഭാഗമായി ബിഹാറിലെത്തിയ ഇവര്‍ തങ്ങളുടെ വാഹനം ആംബുലന്‍സ് എന്ന വ്യാജേന ഓടിച്ചതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അപകടകരമായ രീതിയിലാണ് ഇവര്‍ വാഹനം ഓടിക്കുന്നത്. ആംബുലന്‍സ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് എയര്‍ഹോണും സൈറണും മുഴക്കുന്നുണ്ട്. ബിഹാറിലെ റോഡില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഇവര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ആംബുലന്‍സ് ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവര്‍ ടോള്‍ പ്ലാസ കടക്കുന്നത്.
ആള്‍ക്കൂട്ടമുള്ള കവലകളിലും അപകടകരമായ രീതിയിലാണ് ഇവര്‍ വാഹനം ഓടിക്കുന്നത്. ബിഹാര്‍ ഗതാഗതവകുപ്പിന് ഈ വീഡിയോ അയച്ചുകൊടുക്കുമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ പറഞ്ഞു. വിവാദമായതോടെ ഇ-ബുള്‍ജെറ്റ് വ്‌ളോഗര്‍മാര്‍ തങ്ങളുടെ വീഡിയോ യുട്യൂബില്‍ നിന്ന് നീക്കി. ബിഹാര്‍ ഗതാഗതവകുപ്പും ഇ-ബുള്‍ജെറ്റ് വ്‌ളോഗര്‍മാര്‍ക്കെതിരെ കേസെടുക്കാനാണ് സാധ്യത.