ബുറേവി ചുഴലിക്കാറ്റ്: എല്ലാവരും എമര്‍ജന്‍സി കിറ്റ് കൈയില്‍ കരുതണം, മറ്റു നിര്‍ദേശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: വ്യാഴം, 3 ഡിസം‌ബര്‍ 2020 (09:39 IST)
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ ആവശ്യമായ ജാഗ്രതയും മുന്നൊരുക്കവും കൈക്കൊള്ളണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി കൈയ്യില്‍ കരുതണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. എമര്‍ജന്‍സി കിറ്റ് സംബന്ധിച്ച വിവരങ്ങള്‍ www.sdma.kerala.gov.in ല്‍ ലഭിക്കും. ഔദ്യോഗികമായി ലഭിക്കുന്ന അറിയിപ്പുകള്‍ മാത്രം ശ്രദ്ധിക്കുക. കിംവദന്തികള്‍ പരത്തരുത്. കേരളതീരത്ത് നിന്നുള്ള മത്സ്യബന്ധനം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ബോട്ട്, വള്ളം, വല എന്നിവ സുരക്ഷിതമാക്കണം.

വീടുകളുടെയും കെട്ടിടങ്ങളുടെയും ജനാലകള്‍ കൊളുത്തിട്ട് സുരക്ഷിതമാക്കണം. വാതിലുകളും ഷട്ടറുകളും അടയ്ക്കണം. മരങ്ങള്‍ ഒടിഞ്ഞു വീഴാതിരിക്കാന്‍ കോതി ഒതുക്കണം. തീവ്രമായ മഴ, കാറ്റ്, വെള്ളപ്പൊക്കം എന്നിവയുടെ സാഹചര്യത്തില്‍ വളര്‍ത്തു മൃഗങ്ങളെ കെട്ടിയിടുകയോ കൂട്ടില്‍ അടച്ചിടുകയോ ചെയ്യരുത്. അതാതു സമയത്തെ നിര്‍ദ്ദേശങ്ങള്‍ അറിയുന്നതിന് വാര്‍ത്താ മാധ്യമങ്ങള്‍ ശ്രദ്ധിക്കണം. കുട്ടികള്‍, വയോധികര്‍, കിടപ്പുരോഗികള്‍, ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍, ഭിന്നശേഷിക്കാര്‍ എന്നിവരുടെ സുരക്ഷ ഉറപ്പു വരുത്തുക.

മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, യു.പി.എസ്., ഇന്‍വെര്‍ട്ടര്‍ എന്നിവയില്‍ ആവശ്യമായ ചാര്‍ജ് ഉണ്ടെന്ന് ഉറപ്പാക്കണം. വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ മരങ്ങള്‍, വൈദ്യുതി പോസ്റ്റുകള്‍, കടല്‍, ജലപ്രവാഹം തുടങ്ങിയവ ശ്രദ്ധിക്കണം. ചുഴലിക്കാറ്റ് ബാധിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതും ചിത്രങ്ങള്‍ പകര്‍ത്തുന്നതും ഒഴിവാക്കണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :