എ കെ ജെ അയ്യർ|
Last Modified ഞായര്‍, 4 ജൂണ്‍ 2023 (15:13 IST)
കൊല്ലം: പോലീസ് ക്ളീയറൻസ് സർട്ടിഫിക്കറ്റ് നല്കുന്നതിനായി 500 രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥൻ വിജിലൻസ് വലയിലായി.
എഴുകോൺ പോലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒ
ആറ്റുവശേരി സ്വദേശി ആർ.പ്രദീപ് കുമാർ എന്ന 47 കാരനാണ് പിടിയിലായത്.
എഴുകോൺ സ്വദേശിയായ ഇരുപത്തിമൂന്നുകാരൻ നൽകിയ പരാതിയിലാണ് പോലീസുകാരൻ കുടുങ്ങിയത്. കഴിഞ്ഞമാസം ഇരുപത്തഞ്ചിന് ഈ യുവാവ് കമ്പോഡിയയിലേക്ക് പോകുന്നതിനായി പാസ്പോർട്ട് ഓഫീസിൽ ഓൺലൈൻ വഴി അപേക്ഷ നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ടു എഴുകോൺ പോലീസ് സ്റ്റേഷനിലേക്ക് ക്ളീയറൻസ് സർട്ടിഫിക്കറ്റിനായി അയയ്ക്കുകയും ചെയ്തു.
എന്നാൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനായി എത്തിയ പ്രദീപ് യുവാവിനോട് സ്റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെട്ടു. തുടർന്ന് വേണ്ട രീതിയിൽ കാണണമെന്ന് പറഞ്ഞു തിരിച്ചയച്ചു. കഴിഞ്ഞ ദിവസം വീണ്ടും പ്രദീപ് ഫോണിൽ വിളിച്ചു കൈക്കൂലിയായി 500 രൂപ ഇതിനായി ആവശ്യപ്പെട്ടു.
തുടർന്നാണ് യുവാവ് വിജിലൻസ് എസ്.പി ക്ക് പരാതി നൽകിയത്. പരാതിക്കാരൻ നൽകിയ പണം കൈപ്പറ്റിയതും കാത്തുനിന്ന വിജിലൻസ് ഉദ്യോഗസ്ഥർ പ്രദീപിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.