അക്കൗണ്ടിൽ ലക്ഷങ്ങൾ, ഫാൻ പോലുമില്ലാത്ത ഒറ്റമുറിയിൽ താമസം: അടിച്ചുമാറ്റിയ സാനിറ്റൈസറും മാസ്കും വരെ റൂമിൽ

അഭിറാം മനോഹർ| Last Modified വ്യാഴം, 25 മെയ് 2023 (14:07 IST)
കൈക്കൂലി കേസില്‍ അറസ്റ്റിലായ പാലക്കയം വില്ലേജ് അസിസ്റ്റന്റ് സുരേഷ്‌കുമാര്‍ താമസിച്ചിരുന്നത് ഫാന്‍ പോലും പ്രവര്‍ത്തിക്കാത്ത ഒറ്റമുറിയില്‍. 2500 രൂപ കൈക്കൂലി പിടിച്ചതിനെ തുടര്‍ന്ന് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ 1.05 കോടിയുടെ സ്വത്തുവകകളാണ് സുരേഷ് കുമാറില്‍ നിന്നും പിടിച്ചെടുത്തത്. 35 ലക്ഷം രൂപ പണം അടക്കമായിരുന്നു ഇത്. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷമായി ഇത്രയും സമ്പാദ്യമുള്ള വ്യക്തി ജീവിച്ചത് ഒറ്റമുറി വീട്ടിലാണ് എന്നത് വിജിലന്‍സ് അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ്.

കൃത്യസമയത്ത് ഓഫീസിലെത്തുകയും ജോലി കഴിഞ്ഞാല്‍ മുറിയിലെത്തുകയും ചെയ്തിരുന്ന ഇയാള്‍ക്ക് പുറത്ത് ആരുമായും കാര്യമായ ബന്ധങ്ങള്‍ ഉണ്ടായിരുന്നില്ല. സുരേഷിന്റെ മുറിയില്‍ നിന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ 35 ലക്ഷം രൂപയുടെ പണവും 45 ലക്ഷത്തിന്റെ സ്ഥിര നിക്ഷേപവും 25 ലക്ഷം രൂപയുടെ സേവിങ്‌സ് അക്കൗണ്ട് രേഖകളുമാണ് കണ്ടെടുത്തത്. അഞ്ചു രൂപയുടെയും 10 രൂപയുടേതുമായി 17 കിലോ നാണയങ്ങളും വിജിലന്‍സ് റൂമില്‍ നിന്നും കണ്ടെടുത്തിരുന്നു.

ഉപയോഗശൂന്യമായ 10 ലിറ്റര്‍ തേന്‍, 20 കിലോ കുടുംപുളി, പടക്കങ്ങള്‍,പൊട്ടിക്കാത്ത വസ്ത്രങ്ങള്‍,പേനകള്‍,പ്രളയബാധിതര്‍ക്ക് എത്തിക്കാനായി ആളുകള്‍ നല്‍കിയിരുന്ന ബെഡ്ഷീറ്റുകള്‍,പുതപ്പുകള്‍,വസ്ത്രങ്ങള്‍, കൊവിഡ് കാലത്ത് അട്ടപ്പാടിയില്‍ വിതരണം ചെയ്യാനായി എത്തിച്ചിരുന്ന സാനിറ്റൈസറുകള്‍ മാസ്‌കുകള്‍ എന്നിവയെല്ലാം വിജിലന്‍സ് കണ്ടെടുത്തു. ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ നിന്നും മാറി തനിക്കും സഹോദരിക്കും വീട് വെയ്ക്കാനാണ് കൈക്കൂലി വാങ്ങിയതെന്നാണ് സുരേഷ് കുമാര്‍ വിജിലന്‍സിന് നല്‍കിയ മൊഴി.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :