കൈക്കൂലി കേസിൽ നഗരസഭാ സെക്രട്ടറിയും അറ്റന്ഡറും പിടിയിൽ

എ കെ ജെ അയ്യര്‍| Last Modified ശനി, 4 മാര്‍ച്ച് 2023 (18:59 IST)
പത്തനംതിട്ട: കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭാ സെക്രട്ടറിയും ഓഫീസ് അറ്റന്ഡറും വിജിലൻസ് സംഘത്തിന്റെ പിടിയിലായി. നഗരസഭാ സെക്രട്ടറി അമ്പലപ്പുഴ സദാനന്ദപുരം അനുപമയിൽ നാരായണൻ സ്റ്റാലിൻ (51), ഓഫീസ് അറ്റൻഡർ മണ്ണടി പാലവിള കിഴക്കേതിൽ ഷീന ബീഗം (42) എന്നിവരാണ് പിടിയിലായത്.

നഗരത്തിലെ മാലിന്യ സംസ്കരണ യൂണിറ്റ് നടത്തുന്ന ക്രിസ് ഗ്ലോബൽ കമ്പനി ഉടമ ക്രിസ്റ്റഫറിൽ നിന്നാണ് ഇവർ 25000 രൂപ കൈക്കൂലി വാങ്ങിയത്. ഇതിനുള്ള അനുമതി ക്രിസ്റ്റഫറിന് 2024 വരെ മാത്രമാണ് നൽകിയിട്ടുള്ളത്. എന്നാൽ യൂണിറ്റിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് സെക്രട്ടറി പലതവണ പണം ആവശ്യപ്പെട്ടു.

രണ്ടു ലക്ഷം രൂപയാണ് സെക്രട്ടറി ആവശ്യപ്പെട്ടത്. എന്നാൽ ഇത്രയധികം തരാനില്ലെന്നു പറഞ്ഞപ്പോൾ തനിക്ക് ഇൻകം ടാക്സ് അടയ്ക്കാനുള്ള 25000 രൂപയെങ്കിലും തന്നെ പറ്റുകയുള്ളു എന്ന് നിർബന്ധിച്ചു.

സഹികെട്ടു ക്രിസ്റ്റഫർ വിജിലന്സിനെ വിവരം അറിയിച്ചു. തുടർന്നാണ് 500 ന്റെ നോട്ടുകളിൽ വിജിലൻസ് സംഘം ഫിനോൾഫ്ത്തലിന് പുരട്ടി നൽകിയത്. ഇത് ക്രിസ്റ്റഫർ ഓഫീസിലെത്തി സെക്രട്ടറിക്ക് നൽകി. സെക്രട്ടറി പണം ഹസീന ബീഗത്തെ വിളിച്ചു നൽകി. ഇവർ പുറത്തേക്ക് ഇറങ്ങിയതും വിജിലൻസ് കൈയോടെ പിടികൂടി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :