പട്ടയത്തിനു കൈക്കൂലി ആവശ്യപ്പെട്ട സീനിയർ ക്ലർക്കും വില്ലേജ് ഓഫീസറും അറസ്റ്റിൽ

എ കെ ജെ അയ്യർ| Last Modified ബുധന്‍, 15 ഫെബ്രുവരി 2023 (19:27 IST)
പാലക്കാട്: പാലക്കാട്ടെ ഒറ്റപ്പാലത്ത് പട്ടയം ലഭിക്കാനുള്ള നടപടികൾക്കായി പതിനായിരം രൂപ കൈക്കൂലി വാങ്ങിയ കേസിൽ പ്രത്യേക ഓഫീസിലെ സീനിയർ ക്ലർക്കും വില്ലേജ് ഓഫീസറും പിടിയിലായി. ഒറ്റപ്പാലം ഭൂപരിഷ്കരണ പ്രത്യേക തഹസീൽദാർ ഓഫീസിലെ സീനിയർ ക്ലർക്ക് ശ്രീജിത് ജി.നായർ, വെള്ളിനേഴി വില്ലേജ് ഓഫീസർ കെ.പിനജിമുദ്ദീൻ എന്നിവരാണ് പിടിയിലായത്.

വെള്ളിനേഴി കൂട്ടാനാശേരി പച്ചിലവുംകൊട്ടിൽ രാധയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പാലക്കാട് വിജിലൻസ് ഡി.വൈ.എസ്.പി ഷംസുദ്ദീനും സംഘവും ഇവരെ വലയിലാക്കിയത്. പരാതിയെ തുടർന്ന് വിജിലൻസ് നൽകിയ പണവുമായി ഒറ്റപ്പാലം മിനി സിവിൽ സ്റ്റേഷനിലെ ഓഫീസിലെത്തിയ പരാതിക്കാരിയോട് സീനിയർ ക്ലർക്ക് ശ്രീജിത് തന്റെ ബൈക്കിലെ ബാഗിൽ പണം വച്ച് പോകാൻ പറഞ്ഞു.

ബൈക്കിൽ നിന്ന് പണം എടുത്തതും വിജിലൻസ് പിടികൂടി. തനിക്ക് ലഭിച്ച പണത്തിന്റെ ഒരു ഭാഗം വില്ലേജ് ഓഫീസർക്കുള്ളതാണെന്നു പറഞ്ഞ ശ്രീജിത്തിന്റെ മൊഴിയിൽ നജീമുദ്ദീനെയും പിടികൂടി. രാധയുടെ മാതാവിന്റെ കുടുംബ വക 40 സെന്റ് ഭൂമിക്ക് പട്ടയം അനുവദിക്കാനുള്ള സാക്ഷ്യപത്രത്തിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ആലപ്പുഴ സ്വദേശിയാണ് ശ്രീജിത്, നജിമുദ്ദീൻ ചെറുപ്പുളശേരി സ്വദേശിയും.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :