എ കെ ജെ അയ്യര്‍|
Last Modified വെള്ളി, 10 ഡിസംബര്‍ 2021 (21:36 IST)
തൃശൂർ: രോഗിയിൽ നിന്ന് ഇരുപതിനായിരം രൂപാ കൈക്കൂലി വാങ്ങിയ മെഡിക്കൽ കോളേജ് ഡോക്ടറെ വിജിലൻസ് അറസ്റ്റ് ചെയ്തു. തൃശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ഓർത്തോ വിഭാഗം മേധാവി ഡോ.കെ.ബാലഗോപാലൻ വിജിലൻസിന്റെ പിടിയിലായത്.
കാൽമുട്ട് ചികിത്സയ്ക്കായി പിതാവുമായി എത്തിയ പൊന്നാനി മാറഞ്ചേരി സ്വദേശി ഹാരിസിൽ നിന്നാണ് ഡോക്ട കൈക്കൂലി വാങ്ങിയത്. ഈ തുക ഡോക്ടറുടെ പെരിങ്ങാവിലെ വീട്ടിൽ നിന്ന് വിജിലൻസ് സംഘം പിടിച്ചെടുത്തു. ഇരു കാൽ മുട്ടുകൾക്കും ശസ്ത്രക്രിയ വേണമെന്നും ഇതിനായി ആകെ പതിനായിരം രൂപാ വീതം കൈക്കൂലി വേണമെന്നാണ് ഡോക്ടർ ആവശ്യപ്പെട്ടത്.
ആദ്യത്തെ ശസ്ത്രക്രിയയ്ക്ക് ശേഷം പണം നൽകാമെന്ന് ഏറ്റിരുന്നെങ്കിലും കഴിഞ്ഞില്ല. ഇതോടെ അടുത്ത ശസ്ത്രക്രിയ വൈകിക്കുകയും ചെയ്തു. എന്നാൽ തുക ഒരുമിച്ചു നൽകാമെന്ന് പറഞ്ഞതോടെ ശസ്ത്രക്രിയ നടത്തിയെങ്കിലും പിന്നീട് ഡിസ്ചാർജ്ജ് ചെയ്യാൻ വിസമ്മതിച്ചു. ഇതിനെ തുടർന്നാണ് വിജിലൻസിൽ പരാതി നൽകിയത്.