എ കെ ജെ അയ്യര്‍|
Last Modified ശനി, 25 മെയ് 2024 (16:50 IST)
തിരുവനന്തപുരം: കൈക്കൂലി കേസിൽ തിരുവനന്തപുരം നഗരസഭാ ക്ലർക്ക് വിജിലൻസ് പിടിയിലായി. ആയിരം രൂപാ കൈക്കൂലി വാങ്ങിയതിനു കോർപ്പറേഷൻ്റെ തിരുവല്ലം സോണൽ ഓഫീസിലെ സീനിയർ ക്ലർക്കായ അനിൽ കുമാറിനെയാണ് വിജിലൻസ് പിടികൂടിയത്. കാഞ്ഞിരംകുളം സ്വദേശിയിൽ നിന്നാണ് അനിൽകുമാർ ആയിരം രൂപാ കൈക്കൂലി വാങ്ങവേ കഴിഞ്ഞ ദിവസം വൈകിട്ട് നാലു മണിയോടെ ഓഫീസിൽ വച്ച് പിടിയിലായത്.
തൻ്റെ വീട്ടു മതിലിനോട് ചേർന്നുള്ള അനധികൃതമായ അയൽ വീടു നിർമ്മാണം പൊളിച്ചു നീക്കാൻ കാഞ്ഞിരംകുളം സ്വദേശി സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. വരാതി സോണൽ ഓഫീസിലേക്ക് റഫർ ചെയ്തു.
ഒരു മാസം കഴിഞ്ഞിട്ടും നടപടി ഉണ്ടാകാത്തതിനാൽ ഓഫീസിലെത്തി തിരക്കിയപ്പോഴാണ് അനിൽകുമാർ ഫയൽ തീരുമാനം വേഗത്തിലാക്കാൻ ആയിരം രൂപാ ആവശ്യപ്പെട്ടത്.
തുടർന്ന് പരാതിക്കാരൻ വിവരം വിജിലൻസ് സൂപ്രണ്ട് അജയകുമാറിനെ അറിയിച്ചു. അദ്ദേഹത്തിൻ്റെ നിർദ്ദേശ പ്രകാരം ഡി.വൈ.എസ്.പി വിനോദ് കുമാറിൻ്റെ നേതൃത്വത്തിലുള്ള വിജിലസ് സംഘം പ്രതിയെ പിടികൂടുക യായിരുന്നു.