നികുതി അടയ്ക്കാനും കൈക്കൂലി : വില്ലേജ് ഓഫീസ് അസിസ്റ്റന്റ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified ശനി, 30 മാര്‍ച്ച് 2024 (18:30 IST)
കണ്ണൂർ: നികുതി അടയ്ക്കാനായി രണ്ടായിരം രൂപ കൈക്കൂലി വാങ്ങവേ വില്ലേജ് ഓഫീസ് അസിസ്റ്റന്റ് വിജിലൻസിന്റെ പിടിയിലായി. പയ്യന്നൂർ രാമന്തളി വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് പി.ലിഗേഷ് എന്ന 48 കാരനാണ് വിജിലൻസിന്റെ പിടിയിലായത്.

കഴിഞ്ഞ എട്ടു വർഷങ്ങളായി നികുതി അടയ്ക്കാത്ത സ്ഥലത്തിന്റെ നികുതി അടയ്ക്കാനാണ് ലിജീഷ് രണ്ടായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. രാമന്തളി കൊവ്വപ്പുറം സ്വദേശിയിൽ നിന്നാണ് കൈക്കൂലി വാങ്ങവേ വിജിലൻസ് ഡി.വൈ.എസ്.പി യുടെ പിടിയിലായത്. കൈക്കൂലിക്ക് പിടിയിലായതോടെ ഇയാളുടെ കരിവെള്ളൂർ കൂക്കാനം യു.പിസ്‌കൂളിനടുത്തുള്ള വീട്ടിലും വിജിലൻസ് ഇൻസ്‌പെക്ടർ ബിനു മോഹന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം റെയ്‌ഡ്‌ നടത്തി.

നികുതി അടയ്ക്കുന്നത് സംബന്ധിച്ച് നേരത്തേ തന്നെ രണ്ടു തവണകളായി മൂവായിരം രൂപ ലിജീഷ് വാങ്ങി എന്നാണു വിജിലൻസിന് നൽകിയ പരാതിയിൽ പറയുന്നത്. കണ്ണൂർ വിജിലൻസ് ഡി.വൈ.എസ്.പി ടി.മധുസൂദനൻ നായരാണ് ലിജീഷിനെ അറസ്റ്റ് ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :