എയര്‍ കേരളയുടേത് ‘ചിറകൊടിഞ്ഞ കിനാവുകള്‍’

തിരുവനന്തപുരം| VISHNU N L| Last Modified ചൊവ്വ, 24 മാര്‍ച്ച് 2015 (16:08 IST)
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ സ്വന്തമായ വിമാന സര്‍വീസ് എയര്‍ കേരള അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങളില്‍ എത്തുന്നതിനു മുമ്പേ എരിഞ്ഞടങ്ങുമെന്ന് ഏതാണ്ട് ഉറപ്പായി. ഈ വര്‍ഷം നവംബറില്‍ ചിറക് വിരിക്കാന്‍ കൊതിച്ചിരുന്ന എയര്‍ കേരളയ്ക്ക് കേന്ദ്രസര്‍ക്കാര്‍ പുതിയതായി വിഭാവനം ചെയ്തിരിക്കുന്ന വ്യോമയാന നിയമം ഭീഷണിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ നിയമത്തിലെ നിബന്ധനകള്‍ കേരളത്തിന്റെ പദ്ധതിക്ക് തടസമാകുമെന്ന് ഉറപ്പാണ്. പുതുതായി ആഭ്യന്തര സര്‍വീസ് തുടങ്ങുന്ന വിമാനക്കമ്പനി ഒരു വര്‍ഷത്തിനുള്ളില്‍ 200 ആഭ്യന്തര സര്‍വീസ് ക്രെഡിറ്റ് (ഡൊമസ്റ്റിക് ഫ്ളയിങ് ക്രെഡിറ്റ്)
നേടിയാല്‍ മാത്രമേ രണ്ടാം വര്‍ഷം വിദേശ സര്‍വീസ് നടത്താന്‍ യോഗ്യത നേടുകയുള്ളൂ. അതു തന്നെ ആറുമണിക്കൂര്‍ പറക്കാനുള്ള ദൂരത്തിലേക്കായിരിക്കണം എന്നാണ് നിബന്ധന.

ഈ നിബന്ധന എയര്‍ കേരളയുടെ ലക്ഷ്യമായ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്ക് വിഘാതമാകും. ആദ്യ വര്‍ഷത്തെ വിദേശ സര്‍വീസ് ആറ് മണിക്കൂറ് ദൂരത്തിലേക്കാണെങ്കില്‍ എയര്‍ കേരള അമേരിക്കയിലേക്കും യൂറോപ്പിലേക്കുമൊക്കെ സര്‍വ്വിസ് നടത്തേണ്ടി വരും. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ളോഅ പറക്കല്‍ ദൂരം ആറ് മണിക്കൂറില്‍ താഴെയായതിനാലാണിത്.

മാത്രമല്ല ആറ് മണിക്കൂര്‍ താഴെ പറക്കല്‍ ദൂരമുള്ള സാര്‍ക്ക് രാജ്യങ്ങള്‍, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തണമെങ്കില്‍ ഒരു വിമാന കമ്പനി 600 ഡി എഫ് സി (ഡൊമസ്റ്റിക് ഫ്ളയിങ് ക്രെഡിറ്റ്) നേടണം. ഇതിന് എയര്‍ കേരള രണ്ട് വര്‍ഷം കൂടി കാത്തിരിക്കേണ്ടി വരും. സര്‍വ്വീസിനു
ചെറിയ വിമാനമാണെങ്കില്‍ ഡിഎഫ്സി കുറയും എന്നും നിബന്ധനയില്‍ പറയുന്നു. കൂടാതെ ഓരോ യാത്രക്കാരനും സഞ്ചരിക്കുന്ന ദൂരവും പരിഗണിക്കേണ്ടി വരുമെന്നും നിബന്ധനയുണ്ട്.

കേരളം തുടങ്ങാനിരിക്കുന്ന പദ്ധതിയ്ക്കായി ചെറുവിമാനം വാടകയ്ക്കെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതിനാല്‍ കേന്ദ്ര നിയമപ്രകാരം എയര്‍ കേരള ഗല്‍ഫ് രാജ്യങ്ങളിലേക്ക് കന്നി പറക്കല്‍ നടത്തണമെന്നുണ്ടെങ്കില്‍ ചുരുങ്ങിയത് ആറ് വര്‍ഷത്തിലധികം കാത്തിരിക്കേണ്ടിവരും. എന്നാല്‍ ആദ്യ വര്‍ഷം ആറുകോടിയുടെ നഷ്ടം വരുമെന്നാണ്
പ്രോജക്ട് തയ്യാറാക്കിയ സിയാലിന്റെ കണക്ക്. ചുരുക്കി പറഞ്ഞാല്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തുന്നതിനു മുമ്പേ ചിറകൊടിഞ്ഞ് വീഴാനാകും വിധി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :