ശ്രീനു എസ്|
Last Updated:
ചൊവ്വ, 10 നവംബര്‍ 2020 (19:29 IST)
സ്വര്‍ണ്ണക്കടത്ത് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് മുമ്പില്‍ ഹാജരാവേണ്ട മുഖ്യമന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറി സി.എം രവീന്ദ്രന്റെ ജീവന് ഭീഷണിയുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും എല്ലാ രഹസ്യങ്ങളും അറിയുന്ന അദ്ദേഹത്തിന് വേണ്ട സുരക്ഷ ഒരുക്കണമെന്നും ന്യൂഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ആയിരക്കണക്കിന് കോടി രൂപയുടെ ഇടപാടുകളാണ് കഴിഞ്ഞ നാലരവര്‍ഷക്കാലമായി മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്നിരിക്കുന്നത്. ഈ അഴിമതികളെ പറ്റി എല്ലാം അറിയുന്ന രണ്ട് പേരാണ് സി.എം രവീന്ദ്രനും പൊളിറ്റിക്കല്‍ സെക്രട്ടറി ദിനേശന്‍ പുത്തലത്തും. സി.എം രവീന്ദ്രനെ ദേശീയ ഏജന്‍സികള്‍ ചോദ്യം ചെയ്താല്‍ പല രഹസ്യങ്ങളും പുറത്താകും. അത് സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും ബാധിക്കും. അതുകൊണ്ട് അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ട്. രവീന്ദ്രന്‍ ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണെന്നാണ് മനസിലാക്കാനാവുന്നത്. അദ്ദേഹത്തിന്റെ കൊവിഡ് റിസല്‍ട്ടിന്റെ കാര്യത്തില്‍ തന്നെ ചില സംശയങ്ങളുണ്ട്. പൊതുജനങ്ങളും മാദ്ധ്യമങ്ങളും ഈ കാര്യത്തില്‍ ജാഗ്രത കാണിക്കണം. സി.പി.എമ്മും മുഖ്യമന്ത്രിയും എന്തും ചെയ്യാന്‍ മടിയില്ലാത്തവരാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.