അഭിറാം മനോഹർ|
Last Modified വെള്ളി, 15 ഓഗസ്റ്റ് 2025 (18:35 IST)
നിയമസഭാ തിരെഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് താമര വിരിയിക്കാനായി കച്ചക്കെട്ടിയിറങ്ങി ബിജെപി. സംസ്ഥാനത്ത് കൈവിട്ട് പോയ നേമത്തെ സീറ്റ് തിരിച്ചുപിടിക്കാനായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തന്നെ മത്സരരംഗത്തേക്ക് ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ആര്‍എസ്എസിന് താത്പര്യമുള്ള കുമ്മനം രാജശേഖരനെ ആറന്മുളയിലേക്ക് മാറ്റാനും നേതൃത്വം ആലോചിക്കുന്നുണ്ട്.
തദ്ദേശ തെരെഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ തന്നെ നിയമസഭാ തിരെഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിലാണ് നിയമസഭാ മണ്ഡലങ്ങളുടെയടക്കമുള്ള കാര്യങ്ങളില്‍ ബിജെപി പുതിയ പദ്ധതികളുമായി നീങ്ങുന്നത്. ഇത് പ്രകാരം സംസ്ഥാനത്തെ മണ്ഡലങ്ങളിലെ സാധ്യതാപട്ടികയ്ക്ക് പാര്‍ട്ടി രൂപം കൊടുത്തിട്ടുണ്ട്. വിജയസാധ്യതയുള്ള വട്ടിയൂര്‍കാവ് മണ്ഡലത്തില്‍ കെ മുരളീധരനെ കോണ്‍ഗ്രസ് ഇറക്കുകയാണെങ്കില്‍ എതിരാളിയായി സഹോദരി
പത്മജ വേണുഗോപാലിനെ ഇറക്കാനാണ് ബിജെപിയുടെ പ്ലാന്‍. അല്ലാത്ത പക്ഷം പത്മജ തൃശൂരില്‍ മത്സരിക്കും.
കഴക്കൂട്ടത്ത് അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ വി മുരളീധരന്‍ മത്സരിക്കും. രാജീവ് ചന്ദ്രശേഖരന്റെ വിശ്വസ്തനായ എസ് സുരേഷിനെയും കഴക്കൂട്ടത്ത് പാര്‍ട്ടി പരിഗണിക്കുന്നുണ്ട്.കാട്ടാക്കടയില്‍ പി കെ കൃഷ്ണദാസിനെ മാത്രമാണ് പരിഗണിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ വി വി രാജേഷ് മത്സരിക്കും. ശിവഗിരി ഉള്‍പ്പെടുന്ന വര്‍ക്കല മണ്ഡലത്തിലാകും കെ സുരേന്ദ്രനെ മത്സരിപ്പിക്കുക എന്ന് സൂചനയുണ്ട്. ചെങ്ങന്നൂരില്‍ ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞെത്തിയ പി എസ് ശ്രീധരന്‍ പിള്ളയെ പാര്‍ട്ടി മത്സരിപ്പിച്ചേക്കും.പുതുക്കാട് മണ്ഡലത്തിലാകും ശോഭാ സുരേന്ദ്രന്‍ മത്സരിക്കുക.
സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി ഇത്തവണയും തിരുവല്ലയില്‍ നിന്നും മത്സരിക്കും. പി സി ജോര്‍ജിന് പൂഞ്ഞാര്‍ മണ്ഡലവും മകന്‍ ഷോണ്‍ ജോര്‍ജിന് പാലായും നല്‍കും. എം ടി രമേശ് കോഴിക്കോട് നോര്‍ത്തിലും ധര്‍മ്മടത്ത് സി കെ പത്മനാഭനും മത്സരിക്കും. 2026ല്‍ കേരളത്തില്‍ ഭരണം പിടിക്കുമെന്നാണ് അമിത് ഷാ വ്യക്തമാക്കുന്നതെങ്കിലും സംസ്ഥാനത്തെ നാല്പതോളം സീറ്റുകളില്‍ മാത്രമാണ് ബിജെപിക്ക് ശക്തമായ മത്സരം കാഴ്ചവെയ്ക്കാനുള്ള പിന്തുണയുള്ളത്.