മാണിയുടെ ഏത് ആവശ്യവും സാധിച്ചു കൊടുക്കും; കേരളാ കോണ്‍ഗ്രസിനെതിരെ ഒരക്ഷരം മിണ്ടരുതെന്ന് അമിത് ഷായുടെ നിര്‍ദേശം

മാണിയുമായി ചര്‍ച്ചകള്‍ നടത്താന്‍ വെള്ളാപ്പള്ളിയെ കേന്ദ്ര നേതൃത്വം നിയോഗിച്ചു

km mani , kerala congress , pj joseph , amith sha കേരള കോണ്‍ഗ്രസ് , ബിജെപി , അമിത് ഷാ , ചെന്നിത്തല
കോട്ടയം/ന്യൂഡല്‍ഹി| jibin| Last Updated: തിങ്കള്‍, 1 ഓഗസ്റ്റ് 2016 (14:18 IST)
ബാർ കോഴക്കേസിന്റെ പേരിൽ കോൺഗ്രസുമായുള്ള ബന്ധം ഉലഞ്ഞ പശ്ചാത്തലത്തില്‍ ചരല്‍കുന്ന് ക്യാമ്പില്‍ രാഷ്ട്രീയ തീരുമാനങ്ങളുണ്ടാകുമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണി വ്യക്തമാക്കുമ്പോള്‍ ബിജെപി ക്യാമ്പില്‍ ആഹ്ലാദം. കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ച് മാണിയും സംഘവും പുറത്തുവന്നാല്‍ അവരുടെ ഏത് ആഗ്രഹവും സാധിച്ചു കൊടുക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷാ.

എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ എന്‍ ഡി എയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞെങ്കിലും പ്രതീക്ഷിച്ച നേട്ടങ്ങള്‍ ഒന്നും കൊയ്യാന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ സാധിച്ചില്ല. ഈ സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസിനെ (എം) പോലെ ശക്തമായ ഒരു വിഭാഗത്തെ താമരയോട് അടുപ്പിക്കാന്‍ സാധിച്ചാല്‍ സംസ്ഥാനത്ത് നിര്‍ണായകമായ സ്വാധീനം ഉറപ്പിക്കാന്‍ സാധിക്കുമെന്നാണ് ബിജെപി വിശ്വസിക്കുന്നത്. മാണിയുമായി ആവശ്യമായ ചര്‍ച്ചകള്‍ നടത്താന്‍ വെള്ളാപ്പള്ളിയെ കേന്ദ്ര നേതൃത്വം നിയോഗിച്ചതായും സൂചനകളുണ്ട്.

മാണിയെ സമ്മര്‍ദ്ദത്തിലാക്കുന്നതോ പ്രതിസന്ധിയിലാക്കുന്നതോ ആയ യാതൊരു പ്രസ്‌താവനയും പാടില്ല എന്നാണ് അമിത് ഷാ സംസ്ഥാന ഘടകത്തിന് നല്‍കിയിരിക്കുന്ന ഉപദേശം. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായി മാണിയെ കാണാന്‍ അമിത് ഷാ കോട്ടയത്ത് എത്തിയതും കേരളാ കോണ്‍ഗ്രസിനോടുള്ള സ്‌നേഹം കൊണ്ടായിരുന്നു. ജോസ് കെ മാണിയെ കേന്ദ്ര മന്ത്രിയാക്കാമെന്ന ഉറപ്പ് നല്‍കിയാല്‍ മാണി തങ്ങളുടെ വഴിക്ക് വരുമെന്നാണ് ബിജെപി വിശ്വസിക്കുന്നത്.

തനിക്ക് മാത്രമായി വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്ന് മാണിക്ക് വ്യക്തമായി അറിയാം. ജോസ് കെ മാണിക്ക് പദവികള്‍ ലഭിച്ചാലും പിജെ ജോസഫ് അടക്കമുള്ളവരുടെ എതിര്‍പ്പ് നേരിടേണ്ടിവരും. ഇതിനാല്‍ നിലവിലുള്ള ആറ് എല്‍ എല്‍ എമാരുടെയും പിന്തുണ അത്യാവശ്യമാണ്. ഇതിന് സാധ്യത വളരെ കുറവുമാണ്. ബി ജെ പി യിലേക്ക് പോയാല്‍ പാര്‍ട്ടിയുടെ അടിത്തറ തകരുമെന്നും പരമ്പരാകമായി ലഭിക്കുന്ന വോട്ടുകള്‍ സി പി എമ്മിലേക്ക് പോകുമെന്നുമെന്നും മാണി ഭയക്കുന്നുണ്ട്. ഇതിനാല്‍ ജോസഫിനെ കൂടെ നിര്‍ത്തി തുടര്‍ന്ന് മറ്റ് നേതാക്കളെ വശത്താക്കുക എന്ന തന്ത്രമാണ് മാണി ആവിഷ്‌കരിക്കുക.

തനിക്കായി വാതിലുകള്‍ തുറന്നു കിടക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനോട് യാതൊരു അനുകമ്പയും വേണ്ട എന്നാണ് മാണിയുടെ നിലപാട്. പ്രത്യേകിച്ച് രമേശ് ചെന്നിത്തലയോട് അടുപ്പമേ വേണ്ട എന്നാണ് ഭൂരിഭാഗം പ്രവര്‍ത്തകരുടെയും ആവശ്യം. ഇതിനാലാണ് നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ തീരുമാനിച്ചത്. മാണിയെ എങ്ങനെയും അനുനയിപ്പിച്ച് യുഡിഎഫില്‍ ഉറപ്പിച്ചു നിര്‍ത്തുക എന്ന ഏക ലക്ഷ്യമാണ് കോണ്‍ഗ്രസിനുള്ളത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :