തിരുവനന്തപുരം|
Last Modified ശനി, 29 നവംബര്‍ 2014 (19:17 IST)
ആലപ്പുഴയില്‍ പടര്‍ന്ന് പിടിച്ച പക്ഷിപ്പനി നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍. രോഗം ബാധിച്ച താറാവുകളെ കൊല്ലുന്ന നടപടി നാളെയോടെ പൂര്‍ത്തിയാകുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. മൂന്ന് ദിവസമായി 70,431 താറാവുകളെ കൊന്നു. ആലപ്പുഴയിലെ നാലിടങ്ങളില്‍ രോഗം ബാധിച്ച താറാവുകളെ പൂര്‍ണമായി കൊന്നൊടുക്കിയതായി ആരോഗ്യമന്ത്രി അറിയിച്ചു.
രോഗം ബാധിച്ച മുഴുവന്‍ താറാവുകളെയും കൊന്നു കഴിഞ്ഞാലും മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രതിരോധ നടപടികള്‍ തുടരും. രോഗം പൂര്‍ണമായി ഇല്ലാതാകുന്നത് വരെ താറാവുകളെയും ഇറച്ചിയെയും കൊണ്ടുപോകുന്നതിന് നിയന്ത്രണം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. സ്‌ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ഇന്ന് ആലപ്പുഴയില്‍ ചേര്‍ന്ന അവലോകന യോഗം വിലയിരുത്തി.
ആദ്യം രോഗം പടര്‍ന്നു പിടിച്ച ആലപ്പുഴയില്‍ മാത്രം നഷ്‌ടപരിഹാരമായി അരക്കോടി രൂപ വിതരണം ചെയ്‌തു. കഴിയുന്നത്ര വേഗത്തില്‍ നഷ്‌ടപരിഹാരം കൊടുത്തു തീര്‍ക്കും. മനുഷ്യരില്‍ ഇതുവരെ പനി റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. മറ്റ് ജില്ലകളില്‍ കോഴികളും താറാവുകളും ചത്തത് പക്ഷിപ്പനി മൂലമല്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.