ബെന്നറ്റ് എബ്രഹാമിന്റെ സ്ഥാനാര്‍ഥിത്വം: സിപി‌എമ്മിനും ഉത്തരവാദിത്വമെന്ന് എം‌എ ബേബി

Last Modified ചൊവ്വ, 12 ഓഗസ്റ്റ് 2014 (11:38 IST)
ബെന്നറ്റ് എബ്രഹാമിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ സിപിഎമ്മിനും ഉത്തരവാദിത്വമെന്ന് പിബി അംഗം എം എ ബേബി. സിപിഐയുടെ തീരുമാനമെന്നു കൈകഴുകാനില്ല. സീറ്റ് സിപിഐയുടേതാണെങ്കിലും പരസ്പര ആശയവിനിമയം നടന്നിട്ടുണ്ടെന്നും ബേബി വ്യക്തമാക്കി. പച്ചക്കുതിര മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബേബിയുടെ വിവാദപരാമര്‍ശങ്ങള്‍.

‘സ്ഥാനാര്‍ഥിയാക്കുന്നത് സംബന്ധിച്ച് സിപിഐയുമായി സിപിഎം ആശയവിനിമയം നടത്തിയിരുന്നു. ബെനറ്റിനെതിരെ ഉയരുന്നത് വ്യക്തി അധിക്ഷേപമാണ്. തിരുവനന്തപുരം സീറ്റ് സിപിഐയുടേതാണ്. അവരാണവിടെ സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത്. അതേസമയം മുന്നണിയുടെ ഭാഗമായ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച ഉത്തരവാദിത്തത്തില്‍നിന്ന് സിപിഎമ്മിനെ പോലൊരു പാര്‍ട്ടിക്ക് ഒഴിഞ്ഞുമാറാനാകില്ല. അത് സിപിഐയുടെ തീരുമാനമാണെന്ന് പറഞ്ഞ് കൈകഴുകാന്‍ ഞാനൊരുമ്പെടുന്നില്ല. അത് സിപിഐയുടെ സീറ്റാണെങ്കിലും പരസ്പരമുള്ള ആശയവിനിമയം നടന്നിട്ടുണ്ട്’- ബേബി വ്യക്തമാക്കുന്നു.

‘ബെനറ്റ് എബ്രഹാം വളരെ ധര്‍മിഷ്ടനായ പ്രഫഷനലാണ്. ഒരു സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനത്തിന്‍െറ തലപ്പത്ത് വരുമ്പോള്‍ എത്ര സത്യസന്ധനും സദ്ബുദ്ധിയുള്ളവനുമാണെങ്കിലും പേരുദോഷമുണ്ടാകുമെന്നത് കേരളീയ സമൂഹത്തെ സംബന്ധിച്ചിടത്തോളം മറ്റൊരു യാഥാര്‍ഥ്യമാണെന്നും’ ബേബി ചൂണ്ടിക്കാട്ടുന്നു.

അനര്‍ഹമായ വ്യക്തി അധിക്ഷേപം ഡോ. ബെനറ്റ് എബ്രഹാമിന് നേരിടേണ്ടിവന്നിട്ടുണ്ടെന്നാണ് വ്യക്തിപരമായ അഭിപ്രായം. താന്‍ മന്ത്രി ആയിരുന്ന കാലത്ത് അദ്ദേഹവുമായി ആശയവിനിമയത്തിന് ഇടവന്നിട്ടുണ്ട്. മികച്ച ഭിഷഗ്വരനാണ്. തന്‍െറ സഭയുടെ പേരിലുള്ള സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നേതൃത്വപരമായ പങ്ക് അദ്ദേഹത്തിന് വഹിക്കേണ്ടിവന്നിട്ടുണ്ടെന്നത് യാഥാര്‍ഥ്യമാണെ’ന്നും ബേബി പറയുന്നു.

‘ജാതി- മത -സാമുദായിക ചിന്ത സമൂഹത്തില്‍ പ്രബലമായിരിക്കുന്നിടത്തോളം കാലം ഏതൊരാളെ സ്ഥാനാര്‍ഥിയാക്കുമ്പോഴും ഈ പ്രശ്നം വരും. എല്ലാവര്‍ക്കും ജാതി –മത –പരിവേഷമുണ്ടാകും; ഇഷ്ടപ്പെട്ടാലും ഇല്ളെങ്കിലു’മെന്നും അദ്ദേഹം പറയുന്നു.

ബെനറ്റിന്‍െറ സ്ഥാനാര്‍ഥിത്വം പേയ്മെന്‍റ് സീറ്റാണെന്ന ആരോപണത്തെ തുടര്‍ന്ന് ദേശീയ നിര്‍വാഹകസമിതിയംഗം സി ദിവാകരന്‍ അടക്കം മൂന്ന് പേര്‍ക്കെതിരേ അച്ചടക്കനടപടിയെടുത്ത് സിപിഐ ശുദ്ധീകരണം നടത്തുമ്പോഴാണ് ഇക്കാര്യത്തിലെ സിപിഎം പങ്ക് വെളിപ്പെടുത്തി മുതിര്‍ന്ന നേതാവ് രംഗത്തുവരുന്നത്. എന്താ‍യാലും സിപിഐയില്‍ അവസാനിക്കുമായിരുന്ന സീറ്റ് വിവാദം ബേബിയുടെ ഏറ്റുപറച്ചിലോടെ സിപി‌എമ്മിനെ വന്‍ വിവാദത്തിലേക്കാണ് വലിച്ചിഴച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :