ബാറുകളുടെ കാര്യത്തില്‍ ഇന്ന് തീരുമാനമാകും

തിരുവനന്തപുരം| Last Modified ചൊവ്വ, 26 ഓഗസ്റ്റ് 2014 (10:09 IST)
സംസ്ഥാനത്തെ 312 ബാറുകള്‍ അടച്ച് പൂട്ടുന്നത് സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനമുണ്ടാകും. ഇത് സംബന്ധിച്ച ഉന്നതതല യോഗം ഇന്ന് ചേരും. മന്ത്രി കെ ബാബുവിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്താണ് യോഗം.

ബാറുകള്‍ക്ക് മുന്‍കൂര്‍ നോട്ടീസ് നല്‍കിയ ശേഷം അടച്ച് പൂട്ടിയാല്‍ മതിയെന്നാണ് സര്‍ക്കാരിന് അഡ്വക്കേറ്റ് ജനറല്‍ നല്‍കിയ നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ നോട്ടീസ് നല്‍കി. രണ്ടാഴ്ചക്ക് ശേഷമാകും ബാറുകള്‍ അടച്ച് പൂട്ടുക. ബാറുകള്‍ക്ക് എന്ന് നോട്ടീസ് നല്‍കണമെന്ന കാര്യം യോഗത്തില്‍ തീരുമാനമാകും. ഓണം കഴിഞ്ഞാകും 312 ബാറുകളും അടച്ച് പൂട്ടുകയെന്നാകും സൂചന.

ഇതിനിടെ ബാര്‍ വിഷയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതിയിലെ വിവിധ ബെഞ്ചുകള്‍ ഇന്ന് പരിഗണിക്കും. സര്‍ക്കാരിന്റെ പുതിയ മദ്യനയം സംബന്ധിച്ച ഉത്തരവ് അഡ്വക്കേറ്റ് ജനറല്‍, ഡിവിഷന്‍ ബെഞ്ചില്‍ ഹാജരാക്കും. തുറന്നിരിക്കുന്ന ബാറുകള്‍ പൂട്ടുന്നത് സംബന്ധിച്ച് സിംഗിള്‍ ബെഞ്ചിലും സര്‍ക്കാര്‍ നിലപാട് അറിയിക്കും. പൂട്ടിക്കിടക്കുന്ന 418 ബാറുകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് ഉടമകള്‍ നല്‍കിയ ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :