തിരുവനന്തപുരം|
jibin|
Last Modified ശനി, 21 നവംബര്‍ 2015 (13:09 IST)
ബാർ കോഴക്കേസില്‍ സിബിഐ അന്വേഷണം വേണമോയെന്ന് സർക്കാർ ആലോചിച്ച് തീരുമാനിക്കണമെന്ന് കെ മുരളീധരൻ എംഎൽഎ. സിബിഐയ്‌ക്കും കുറവുകളുണ്ട്. അവര്‍ക്ക് മുകളിലും രാഷ്‌ട്രീയ സമ്മര്‍ദ്ദമുണ്ടാകും. പഴയ പോലെ വിശ്വാസ്യതയെന്നും കേന്ദ്ര ഏജൻസിക്ക് ഇല്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ബാർ കോഴക്കേസില്‍ എക്‍സൈസ് മന്ത്രി കെ ബാബുവിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടക്കുകയാണ്. അന്വേഷണം നടക്കുന്ന സമയത്ത് പ്രതികരിച്ചാൽ അത് അന്വേഷണത്തെ ബാധിക്കും. അതിനാല്‍ വിഷയത്തില്‍ പ്രതികരണം നടത്താന്‍ താല്‍പ്പര്യമില്ലെന്നും മുരളീധരൻ പറഞ്ഞു.
അതേസമയം, ബാര്‍ കോഴക്കേസില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി രംഗത്തെത്തിയതിനെ പിന്തുണച്ചു സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഫേസ്‌ബുക്കില്‍ പോസ്‌റ്റിട്ടു. മുഖ്യമന്ത്രി ഉമ്മൻചാണ്ടി സര്‍ക്കാരിന്റെ ഈ ഹീനമുഖമാണ് ഹൈക്കോടതിയിൽ തെളിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പുര്‍ണ്ണ രൂപം:-
ആരോപണ വിധേയർ അധികാരത്തിലിരിക്കുമ്പോൾ, അഴിമതി കേസിൽ നീതിപൂർവകമായ അന്വേഷണം സാധ്യമല്ല. അത് കൊണ്ടാണ്, കോടതിയുടെ നിരീക്ഷണത്തിൽ ബാർ കോഴക്കേസ് അന്വേഷിക്കണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്.
ഞങ്ങൾ ആവർത്തിച്ചു പറഞ്ഞ കാര്യങ്ങളാണ് ഹൈക്കോടതി ചൂണ്ടിക്കാണിക്കുന്നതും സ്ഥിരീകരിക്കുന്നതും.
ആരോപണ വിധേയർ നിരപരാധികൾ ആണെന്ന് മുഖ്യമന്ത്രി തന്നെ ആവർത്തിച്ചു പറയുന്നു. അവരെ രക്ഷിക്കാൻ നിയമ വിരുദ്ധമായ മാർഗങ്ങൾ അവലംബിക്കുന്നു. ഉമ്മൻചാണ്ടി സര്‍ക്കാരിന്റെ ഈ ഹീനമുഖമാണ് ഹൈക്കോടതിയിൽ തെളിയുന്നത്.
കേസ് അട്ടിമറിക്കാൻ സർക്കാർ സംവിധാനം പരക്കെ ദുരുപയോഗം ചെയ്യപ്പെടുന്ന അവസ്ഥ കോടതി തന്നെ തുറന്നു കാട്ടുകയാണ്.